കുട്ടികളെ മണ്ണിലേക്കിറക്കാന്‍ 'കതിര്‍ ക്ലബ്'. കതിര്‍ ക്ലബില്‍ അംഗങ്ങളാവുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനം
കോട്ടയം: കുട്ടികളെ മണ്ണിലേക്കിറക്കാൻ ‘കതിർ ക്ലബ്’.
കൃഷി മന്ത്രി ടി. സിദ്ദിഖിൻ്റെ പ്രഖ്യാപനം സംസ്ഥാനത്ത് തുടക്കമിടുക വീണ്ടുമൊരു കാർഷിക വിപ്ലവത്തിന്.
ഭാവിതലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാക്കാനും വിഷരഹിത ഭക്ഷ്യോൽപ്പാദനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേരള കൃഷി വകുപ്പ് നടപ്പിലാക്കുന്ന പുതിയ തീരുമാനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ‘കതിർ കാർഷിക ക്ലബ്ബുകൾ’ ആരംഭിക്കുന്നതും, കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും കാർഷിക മേഖലയിൽ വലിയൊരു മാറ്റത്തിന് വഴിതെളിക്കും.
കതിർ കാർഷിക ക്ലബ്ബുകൾ സ്കൂളുകളിൽ നോഡൽ അധ്യാപകരുടെയും ബാക്കപ്പ് കമ്മിറ്റികളുടെയും നേതൃത്വത്തിലാകും പ്രവർത്തിക്കുക. കാർഷിക മേഖലകളെയും സ്ഥാപനങ്ങളെയും അടുത്തറിയാൻ 'കതിർ സഞ്ചാരം' എന്ന പേരിൽ പഠനയാത്രകളും സംഘടിപ്പിക്കും.
സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുമായി സംയോജിപ്പിച്ച് 'കതിർ മാർക്കറ്റുകൾ' ആരംഭിക്കുന്നത് വഴി വിദ്യാർത്ഥികൾ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാനും വിപണനം നടത്താനും സാധിക്കുമെന്നു മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കുന്നു.
രാജ്യത്ത് തന്നെ ആദ്യമായി കാർഷിക ക്ലബ്ബുകളിൽ സജീവമായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഗ്രേസ്/വെയ്റ്റേജ് മാർക്ക് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പൂർണ പിന്തുണയും ഉണ്ട്.
അടുത്തിടെ സംസ്ഥാനത്ത് പരിശോധിച്ച 1,258 പച്ചക്കറി സാമ്പിളുകളിൽ 62 എണ്ണത്തിൽ അമിത രാസകീടനാശിനി സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, നാടൻ കൃഷിരീതികളിലേക്കുള്ള തിരിച്ചുപോക്ക് അത്യന്താപേക്ഷിതമാണ്. കുട്ടി കർഷകരിലൂടെ ഇതിനു അടിത്തറ പാകാൻ സാധിക്കും. ഒരോ കുട്ടിയും വീട്ടിൽ ഒരുക്കുന്ന അടുക്കള തോട്ടങ്ങൾ വഴി മാർക്കറ്റിൽ നിന്നു വാങ്ങുന്ന വിഷം തളിച്ച പച്ചക്കറികളുടെ അളവ് കുറയ്ക്കും. ഇതു വഴി ആരോഗ്യ സംരക്ഷണവും സാധ്യമാവും.
സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനുള്ള പുരസ്കാരം നേടിയ ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആദിത്യന്റെ നേട്ടം കതിർ പദ്ധതികളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ്. 44 സെന്റിൽ നെൽകൃഷിയും 20 സെന്റിൽ പച്ചക്കറിയും അലങ്കാര മത്സ്യകൃഷിയും മൃഗപരിപാലനവും നടത്തുന്ന ആദിത്യൻ കാർഷിക കേരളത്തിന്റെ പുതിയ പ്രതീക്ഷയാണ്.
ഒറ്റമുറി ഷെഡ്ഡിൽ താമസിക്കുന്ന ഈ കൊച്ചുകർഷകന് കൃഷിവകുപ്പ് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനം കുട്ടി കർഷകർക്ക് സർക്കാർ നൽകുന്ന വലിയൊരു പ്രോത്സാഹനവും അംഗീകാരവുമാണ്. കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തിൽ, വിദ്യാർത്ഥികളിൽ കൃഷിബോധവും മണ്ണറിവും വളർത്തുന്ന കൃഷിവകുപ്പിൻ്റെ തീരുമാനങ്ങൾ ഭാവി കേരളത്തിന് വലിയ കരുത്താകും.