കത്തനാര്‍ ക്രിക്കറ്റ് ലീഗ്;സെപ്റ്റംബര്‍ 9നും 10 നും, പങ്കെടുക്കുന്നത് കേരളത്തിലെ വിവിധ സഭകളില്‍ നിന്നുള്ള വൈദികരുടെ 16 ടീമുകള്‍
കോട്ടയം : അള്‍ത്താരയില്‍ നിന്നും ക്രിക്കറ്റ് പിച്ചിലേക്ക് ഒരു കൂട്ടം വൈദികര്‍ ....ചങ്ങനാശ്ശേരി സീറോ മലബാര്‍ അതിരൂപതയുടെ കീഴിലുള്ള കത്തനാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (കെ സി സി ) ആഭിമുഖ്യത്തില്‍ കത്തനാര്‍ ക്രിക്കറ്റ് ലീഗ് എന്ന പേരില്‍ വൈദികര്‍ക്കായുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നു.കോട്ടയം പുതുപ്പള്ളിയില്‍ വെച്ചാണ് ഇതിന്റെ പ്രഥമ സീസണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.കത്തനാര്‍ ക്രിക്കറ്റ് ലീഗ് എന്നത് കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ പുരോഹിതന്മാരെ അണിനിരത്തിക്കൊണ്ട് നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റാണ്. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ വിവിധ സഭകളില്‍ നിന്നുള്ള വൈദികരുടെ 16 ടീമുകള്‍ പങ്കെടുക്കും.
സീറോ-മലബാര്‍, ലത്തീന്‍ കത്തോലിക്ക, സീറോ-മലങ്കര, മലങ്കര ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മാ തുടങ്ങി വ്യത്യസ്ത ക്രൈസ്തവ സഭകളിലെ വൈദികര്‍ തങ്ങളുടെ പരമ്പരാഗത ളോഹ മാറ്റിവെച്ച് ജേഴ്‌സി അണിഞ്ഞ് ഈ മത്സരത്തില്‍ ഒന്നിച്ച് അണിനിരക്കുന്നു.കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയിലെ ഡീക്കന്മാരും അതിഥികളായി ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്.
ലിറ്റില്‍ ഫ്ലവര്‍ ക്രിക്കറ്റ് ടീം (തിരുവനന്തപുരം അതിരൂപത), ലിറ്റില്‍ ഫ്ലവര്‍ ക്രിക്കറ്റ് ടീം (തിരുവനന്തപുരം അതിരൂപത),ഷെപ്പേഡ്‌സ് തക (തിരുവല്ല മലങ്കര അതിരൂപത), ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി രൂപത), മാവേലിക്കര കൊഹോനോസ് (മാവേലിക്കര രൂപത),യോബല്‍സ് ടൈറ്റന്‍സ് (ഡീക്കന്മാര്‍, വടവാതൂര്‍ സെമിനാരി), ബ്രദേഴ്‌സ് കോട്ടയം (കോട്ടയം അതിരൂപത), ഫെയ്ത്ത് സ്ട്രൈക്കേഴ്‌സ് കോട്ടയം (ഓര്‍ത്തഡോക്സ് വൈദികര്‍), മാര്‍ത്തോമാ റോയല്‍സ് (മാര്‍ത്തോമാ വൈദികര്‍), കത്തനാര്‍ ക്രിക്കറ്റ് ക്ലബ് (ചങ്ങനാശേരി അതിരൂപത),പാലാ അച്ചായന്‍സ് (പാലാ രൂപത),ഹൈറേഞ്ച് വാരിയേഴ്‌സ് (ഇടുക്കി രൂപത),കോതമംഗലം പ്രീസ്റ്റ് ലീഗ് (കോതമംഗലം രൂപത), ഏകം (എറണാകുളം-അങ്കമാലി അതിരൂപത), തൃശൂര്‍ പാതിരി ഗഡീസ് (തൃശൂര്‍ അതിരൂപത),മലബാര്‍ ഫൈറ്റേഴ്‌സ് (തലശേരി അതിരൂപത) എന്നിവരാണ് വിവിധ രൂപതകളില്‍ നിന്ന് പങ്കെടുക്കുന്ന ടീമുകള്‍
ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് 50,000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും.ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്.മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, വിക്കറ്റ് കീപ്പര്‍, മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കുന്നു.കേരള ക്രിക്കറ്റ് അസോസിയേഷന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നതിനൊപ്പം ഗഇഅ അംഗീകൃത അമ്പയര്‍മാരാണ് കളികള്‍ നിയന്ത്രിക്കുന്നത്.
ആത്മീയ ശുശ്രൂഷകളുടെ തിരക്കുകളില്‍ നിന്നും ഡിജിറ്റല്‍ ലോകത്തെ ബഹളങ്ങളില്‍ നിന്നും മാറി വൈദികര്‍ക്ക് മാനസികോല്ലാസവും ശാരീരികക്ഷമതയും നല്‍കുക, അതോടൊപ്പം വിവിധ സഭകള്‍ തമ്മിലുള്ള പരസ്പര സൗഹൃദവും എക്യുമെനിക്കല്‍ കൂട്ടായ്മയും ഊട്ടിയുറപ്പിക്കുക എന്നിവയാണ് ഈ വേറിട്ട ടൂര്‍ണമെന്റിന്റെ പ്രധാന ലക്ഷ്യം. കാണികള്‍ക്ക് ഈ മത്സരങ്ങള്‍ കാണുന്നതിനായി പ്രവേശനം തികച്ചും സൗജന്യമാണ്.