കത്തനാര്‍ ക്രിക്കറ്റ് ലീഗിന് തുടക്കം; ഉദ്ഘാടനം നിര്‍വഹിച്ച് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി;16 ടീമുകള്‍,ഇന്നും നാളെയുമായി മത്സരങ്ങള്‍ അരങ്ങേറും
പുതുപ്പള്ളി: വൈദികരുടെ കായികക്ഷമതയും എക്യുമെനിക്കല്‍ കൂട്ടായ്മയും ലക്ഷ്യമിട്ട് ചങ്ങനാശ്ശേരി കത്തനാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ കത്തനാര്‍ ക്രിക്കറ്റ് ലീഗിന് പുതുപ്പള്ളി ബെയ്ല്‍സ് അരീന ടര്‍ഫില്‍ ആവേശകരമായ തുടക്കം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ടൂര്‍ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി എം.എല്‍.എ വിനു ജോബ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ് ഈ ടൂര്‍ണമെന്റ്. തിരുവനന്തപുരം മുതല്‍ തലശ്ശേരി വരെയുള്ള വിവിധ രൂപതകളില്‍ നിന്നും ഭദ്രാസനങ്ങളില്‍ നിന്നുമുള്ള വൈദികര്‍ അണിനിരക്കുന്ന 16 കരുത്തുറ്റ ടീമുകളാണ് കപ്പുയര്‍ത്താന്‍ മാറ്റുരയ്ക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരുടെ പൂര്‍ണ്ണമായ ഏകോപനത്തിലും മേല്‍നോട്ടത്തിലുമാണ് ചരിത്രപ്രധാനമായ ഈ കായിക മാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്.
സഭകളുടെ ഐക്യത്തെ സഹായിക്കുന്ന ഒരു സംരംഭമാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. സഭകളുടെ ഐക്യത്തിന്റെ തുടക്കം ഇതിലൂടെ സംഭവിക്കട്ടെ എന്നു ചങ്ങനാശ്ശേരി എം.എല്‍.എ വിനു ജോബ് ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
ഇന്നും നാളെയുമായി മത്സരങ്ങള്‍ അരങ്ങേറും. നാളെ വൈകിട്ട് സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും നടക്കും. മത്സരങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും