'കത്തനാര്‍ ക്രിക്കറ്റ് ലീഗിന് തുടക്കം'. ളോഹയ്ക്ക് ചെറിയൊരു ഇടവേള നല്‍കി, ജേഴ്‌സിയണിഞ്ഞ് അച്ചന്മാര്‍ ക്രിക്കറ്റ് ബാറ്റും പന്തുമായി കളത്തിലിറങ്ങും
കോട്ടയം: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ വൈദികര്‍ അണിനിരക്കുന്ന 'കത്തനാര്‍ ക്രിക്കറ്റ് ലീഗിന്' ഈവരുന്ന ബുധനാഴ്ച പുതുപ്പള്ളിയില്‍ തുടക്കമാകും. തങ്ങളുടെ സ്ഥിരം കുപ്പായമായ ളോഹയ്ക്ക് ചെറിയൊരു ഇടവേള നല്‍കി, ജേഴ്‌സിയണിഞ്ഞ് അച്ചന്മാര്‍ ക്രിക്കറ്റ് ബാറ്റും പന്തുമായി കളത്തിലിറങ്ങും.
തികച്ചും വ്യത്യസ്തമായ ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രഥമ പതിപ്പിന് സെപ്റ്റംബര്‍ ഒന്‍പതിന് പുതുപ്പള്ളി ബെയില്‍ സരീനയിലാണ് ഔദ്യോഗികമായി തുടക്കമാകുന്നത്. കേരളത്തിന്റെ തെക്കേ അറ്റംമുതല്‍ വടക്കേ അറ്റംവരെയുള്ള വിവിധ കത്തോലിക്കാ സഭകളില്‍നിന്നും മറ്റ് സഭകളില്‍നിന്നുമുള്ള വൈദികര്‍ ഉള്‍പ്പെടുന്ന ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
കളിക്കളത്തിലെ ജയപരാജയങ്ങള്‍ക്കോ വാശിക്കോ അപ്പുറം, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ പരസ്പര സൗഹൃദം വര്‍ദ്ധിപ്പിക്കുക എന്നതാണ് തങ്ങള്‍ ഏറെ നാളായി ആഗ്രഹിച്ച ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈദികര്‍ വ്യക്തമാക്കുന്നു.
ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നതിലുപരി, വൈദിക പഠനകാലത്തെ പഴയ സെമിനാരി സുഹൃത്തുക്കള്‍ക്ക് വീണ്ടും ഒരുമിച്ച് കൂടാനുള്ള ഒരു വലിയ അവസരം കൂടിയാണിത്. വിവിധ സെമിനാരികളില്‍ ഒന്നിച്ച് പഠിച്ചശേഷം രൂപതകളിലേക്ക് വൈദിക ശുശ്രൂഷയ്ക്കായി പിരിഞ്ഞുപോയ വൈദികര്‍ക്ക് ഒന്നിച്ചുചേരാനും സാഹോദര്യം പങ്കുവെക്കാനും ഇത് വഴിയൊരുക്കുന്നു.
ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികര്‍ ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളാകുന്ന ടീമിനെ അരലക്ഷം രൂപയും കെസിഎല്‍ ട്രോഫിയുമാണ് കാത്തിരിക്കുന്നത്.