കാസർഗോഡ് വീരമലക്കുന്ന് ഇടിഞ്ഞു; സ്ഥലത്ത് ഗതാഗതകുരുക്ക്

കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീണു. വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിൽ പതിച്ചതിനാൽ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്.
അതേസമയം നേരെത്തെ തന്നെ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയിൽ ജില്ലാകളക്ടർ ഉൾപ്പെടുത്തിയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ വീണ്ടും ആരംഭിച്ചതോടെ കുന്നിടിയാൻ തുടങ്ങിയത് പ്രദേശവാസികളെയും ഇതുവഴി പോകുന്ന വാഹനങ്ങളെയും ആശങ്കയിലാക്കിയിരുന്നു.
അപകടസാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശ പ്രകാരം നിർമാണ കമ്പനി ഈ പ്രദേശത്ത് വെളിച്ചവും നിരീക്ഷണത്തിന് കമ്പനി ജീവനക്കാരെയും നിയമിച്ചിരുന്നു. ദേശീയപാത നിർമാണത്തിലെ അപാകത പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി ദേശീയപാത അതോറിറ്റി നിയോഗിച്ച ഉന്നതതല സംഘം വീരമലക്കുന്ന് സന്ദർശിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ തിരിച്ചു പോവുകയായിരുന്നു.