കാസര്‍ഗോഡ് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: അറസ്റ്റിലായ മലയാളിയുടെ വീട്ടില്‍ നിന്ന് വ്യാജ നോട്ടുകളും നോട്ടെണ്ണല്‍ മെഷീനും കണ്ടെത്തി
കാസര്‍ഗോഡ്: കാസര്‍ഗോഡ് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ മലയാളിയുടെ വീട്ടില്‍ നിന്ന് വ്യാജ നോട്ടുകളും നോട്ടെണ്ണല്‍ മെഷീനും കണ്ടെത്തി.
ബണ്ടിച്ചാല്‍ സ്വദേശി വിജയന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനുയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.
2000 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. 2000 രൂപയുടെ നോട്ടുകള്‍ മാറാനുണ്ടെന്ന പേരില്‍ പ്രതികള്‍ നേരത്തെയും തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
നോട്ട് മാറാന്‍ എന്ന പേരില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള സംഘത്തിന്റെ കൈയ്യില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മലയാളി ഹനീഫയെ ആന്ധ്രയില്‍ നിന്നുള്ള സംഘം തട്ടിക്കൊണ്ടുപോയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
അതേസമയം, പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെച്ചാണ് ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ ആന്ധ്രാസംഘം തട്ടിക്കൊണ്ടുപോയത്.
സംഘത്തെ പിന്നീട് കാസര്‍ഗോഡ് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
കാസര്‍ഗോഡ് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന മേല്‍പ്പറമ്പ് സ്വദേശി ഹനീഫയെ ആണ് തട്ടിക്കൊണ്ടുപോയത്.