കരുവാറ്റ കൊലപാതകം; 13കാരിക്ക് വേണ്ടി അഭിഭാഷകനെ നിയോഗിക്കാതെ കുടുംബം, നിയമസഹായ സെല്‍ ജാമ്യാപേക്ഷ നല്‍കി,ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും
 

 
KARUVATTA


 

 
ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 13കാരിക്ക് വേണ്ടി കുടുംബം അഭിഭാഷകനെ നിയോഗിച്ചില്ല. 

ഇതോടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് നിയമസഹായ സെല്‍ അഭിഭാഷകനെ നിയോഗിക്കുകയും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ജാമ്യാപേക്ഷ അടുത്തയാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിഗണിക്കും.

കേസിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളില്‍ ഒന്നാം കുറ്റാരോപിതന്റെ കുടുംബം മാത്രമാണ് അഭിഭാഷകനെ നിയോഗിച്ചത്. മറ്റ് മൂന്ന് കുട്ടികള്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് അഭിഭാഷകനെ ഏര്‍പ്പെടുത്തിയത്. ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു ജാമ്യം. വിവിധ ഉപാധികളോടെയാണ് ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്.

അതേസമയം, 13കാരിയുടെ കാര്യത്തില്‍ കുടുംബം അഭിഭാഷകനെ നിയോഗിക്കാത്ത സാഹചര്യത്തിലാണ് നിയമസഹായ സെല്‍ ഇടപെട്ടത്. ജാമ്യം ലഭിച്ചാലും കുടുംബം കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത പക്ഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും.


കേസില്‍ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രായപൂര്‍ത്തിയാകാത്തവര്‍ മാത്രം കുറ്റാരോപിതരായ കൊലപാതക കേസായതിനാല്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശവും അന്വേഷണ സംഘം തേടും.


കരുവാറ്റയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വയോധികനെ ഓഗസ്റ്റ് 16നാണ് വാടകവീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് കുറ്റാരോപിതര്‍.

Tags

Share this story

From Around the Web