ലോകത്തിലെ തന്നെ ഏറ്റവും വലിയ പരിശുദ്ധ അമ്മയുടെ ത്രെഡ് ആര്‍ട്ട് നിര്‍മ്മിച്ച് ചരിത്രം കുറിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയം

 
st marys karunvannu

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് ആത്മീയ ഭക്തിയും കലാവിരുതും ഒന്നിച്ച് ചേര്‍ത്തുവെച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ സി.എല്‍.സി അംഗങ്ങള്‍. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ പരിശുദ്ധ അമ്മയുടെ ത്രെഡ് ആര്‍ട്ട് നിര്‍മ്മിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഈ യുവജന കൂട്ടായ്മ. 

400 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ പരിശുദ്ധ മാതാവിന്റെയും തിരുക്കുമാരനായ ഉണ്ണിയേശുവിന്റെയും അത്ഭുതകരമായ രൂപവിസ്മയമാണ് കരുവന്നൂര്‍ പള്ളിങ്കണത്തില്‍ ഒരുക്കിയിരിക്കുന്നത്. 

ഏകദേശം 20,000 മീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക നൂലുകള്‍ ആയിരക്കണക്കിന് ആണികളില്‍ കൃത്യതയോടെ കോര്‍ത്തെടുത്താണ് കണ്ണഞ്ചിപ്പിക്കുന്ന ഈ ഭക്തിസാന്ദ്രമായ ആര്‍ട്ട് വര്‍ക്ക് നിര്‍മ്മിച്ചത്. 

പരിശുദ്ധ അമ്മയുടെയും ഉണ്ണിയേശുവിന്റെയും ഭാവസാന്ദ്രമായ ചിത്രീകരണത്തിന് നിറങ്ങളുടെ വിസ്മയ ചാരുത നല്‍കാന്‍ സി.എല്‍.സി പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. 

കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ സി.എല്‍.സി അംഗങ്ങളുടെ  കഠിനാധ്വാനവും ആത്മീയ സമര്‍പ്പണവുമാണ് ഈ വലിയ സംരംഭത്തിന് പിന്നില്‍. 

എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് അമ്മയ്ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച ഉപഹാരമെന്ന നിലയിലാണ് യുവജനങ്ങള്‍ ഈ പദ്ധതി ഏറ്റെടുത്തത്. 


ദിവസങ്ങളോളം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥനാപൂര്‍വ്വമാണ് ഓരോ നൂലിഴകളും അവര്‍ കോര്‍ത്തെടുത്തത്. 

പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയും വിശ്വാസ സമൂഹത്തിനായുള്ള കലാത്മക സമര്‍പ്പണവും വിളിച്ചോതുന്ന ഈ ത്രെഡ് ആര്‍ട്ട് കാണാന്‍ ചുറ്റുവട്ടത്തുള്ള ഇടവകകളില്‍ നിന്നും നിരവധി വിശ്വാസികളാണ് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലേക്ക് എത്തുന്നത്. 

ജനന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന ഈ പ്രതിഭാവൈഭവം ഇടവക കൂട്ടായ്മയ്ക്കും നാടിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Tags

Share this story

From Around the Web