കര്‍ണാടക എസ്ഐആര്‍: വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കാനുള്ള അപേക്ഷകളില്‍ ഒരു മാസത്തിനിടെ വന്‍ വര്‍ധന
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന നടപടികള്‍ പുരോഗമിക്കുന്നതിനിടെ, വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനും ഉള്‍പ്പെടുത്തുന്നതിനെതിരെ ആക്ഷേപം ഉന്നയിക്കാനുമുള്ള 'ഫോം 7' അപേക്ഷകളില്‍ വന്‍ വര്‍ധനവ്.
ജൂണ്‍ 16 മുതല്‍ ഒക്ടോബര്‍ 22 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ആകെ 2,28,917 ഫോം 7 അപേക്ഷകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
സെപ്റ്റംബര്‍ 23 വരെ ലഭിച്ച ഫോം 7 അപേക്ഷകളുടെ എണ്ണം 58,475 മാത്രമായിരുന്നു.
എന്നാല്‍ തുടര്‍ന്നുള്ള ഒരു മാസത്തിനിടെ 1,70,442 അപേക്ഷകളാണ് പുതുതായി സമര്‍പ്പിക്കപ്പെട്ടത്. സെപ്റ്റംബര്‍ 23 വരെ ലഭിച്ച എല്ലാ അപേക്ഷകളിലും മുന്‍ഗണനാടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) കാര്യാലയം പ്രസ്താവനയില്‍ അറിയിച്ചു. വോട്ടര്‍പട്ടികയുടെ അന്തിമരൂപം ഒക്ടോബര്‍ 27-ന് പ്രസിദ്ധീകരിക്കും.