ധർമ്മസ്ഥല കൂട്ട ശവസംസ്കാരം അന്വേഷിക്കാൻ കർണാടക 20 അംഗ എസ്‌ഐടി സംഘത്തെ രൂപീകരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാര കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. 20 ഉദ്യോഗസ്ഥരടങ്ങുന്ന എസ്ഐടി സംഘത്തെ നിയമിച്ചു.
16 വര്‍ഷത്തിലേറെയായി നടന്ന കൂട്ട ശവസംസ്‌കാരങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, മറച്ചുവെക്കലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കര്‍ണാടകയിലെ ക്ഷേത്രനഗരമായ ധര്‍മ്മസ്ഥലയില്‍ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
1998 നും 2014 നും ഇടയില്‍ സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും ദഹിപ്പിക്കാനും നിര്‍ബന്ധിച്ചുവെന്ന് അവകാശപ്പെട്ട് ഒരു മുന്‍ ശുചിത്വ തൊഴിലാളി മുന്നോട്ടുവന്നതോടെയാണ് കേസ് വെളിച്ചത്തുവന്നത്. ഇതില്‍ പലരുടെയും മൃതദേഹങ്ങള്‍ ആക്രമണത്തിന്റെ ലക്ഷണങ്ങളും കാണിക്കുന്നു.
അദ്ദേഹത്തിന്റെ പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുകയും അസ്ഥികൂട അവശിഷ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
പൊതുജനങ്ങളുടെ പ്രതിഷേധം, നിയമപരമായ ഇടപെടലുകള്‍, 2003-ല്‍ ഒരു സ്ത്രീയുടെ തിരോധാനത്തെക്കുറിച്ചുള്ള പരാതി ഉള്‍പ്പെടെയുള്ള കൂടുതല്‍ ആരോപണങ്ങള്‍ എന്നിവയെത്തുടര്‍ന്ന്, വിഷയം സമഗ്രമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ എസ്ഐടി രൂപീകരിച്ചത്.