നീതിക്കുവേണ്ടി പോരാടിയ കർമ്മയോഗി; ഫാ. സ്റ്റാൻ സ്വാമിയുടെ അഞ്ചാം ചരമവാർഷികം ഇന്ന്

 
000

കൊച്ചി: മനുഷ്യാവകാശങ്ങൾക്കായി നിലകൊണ്ട പോരാളിയും ഈശോ സഭാംഗവുമായ ഫാ. സ്റ്റാൻ സ്വാമിയുടെ അഞ്ചാം ചരമവാർഷികം ഇന്ന്. വിചാരണത്തടവുകാരനായി ജയിലിൽ കഴിയവെ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം. പാവപ്പെട്ട ആദിവാസി സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഈ സാമൂഹ്യ പ്രവർത്തകന്റെ മരണം അന്ന് ആഗോളതലത്തിൽ ഇന്ത്യൻ സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

1937 ഏപ്രിൽ 26 ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ ജനിച്ച സ്റ്റാൻസ്ലാവോസ് ലൂർദ് സ്വാമി 1970 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അവരുടെ ഭൂമിയും ധാതുസമ്പത്തും തട്ടിയെടുക്കുന്ന കോർപ്പറേറ്റ്-ഉന്നതതല ചൂഷണങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തി. പതൽഗാഡി മൂവ്‌മെന്റ് പോലുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു എൻ.ഐ.എ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. 83-ാം വയസിൽ അറസ്റ്റിലായ അദേഹത്തെ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. തനിക്കെതിരെ എൻ.ഐ.എ ഹാജരാക്കിയ തെളിവുകൾ വ്യാജമാണെന്നും സ്വന്തം കമ്പ്യൂട്ടറിൽ ഉദ്യോഗസ്ഥർ കൃത്രിമമായി തിരുകിക്കയറ്റിയതാണെന്നുംനിരന്തരം വാദിച്ചിരുന്നു. അറസ്റ്റിന് മുൻപുള്ള ചോദ്യം ചെയ്യലുകളിലും  ഫാ. സ്റ്റാൻ പൂർണമായും സഹകരിച്ചിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ബോംബെ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ബാധിതനായിരുന്ന വൈദികന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. അവസാന നിമിഷം വരെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗം ഇന്നും മനുഷ്യാവകാശ ലംഘനങ്ങളുടെ കറുത്ത അധ്യായമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

രാമചന്ദ്ര ഗുഹ, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ആദിവാസി അവകാശങ്ങൾക്കായി പോരാടിയതിന്റെ പേരിൽ ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന ആരോപണം ഇന്നും ശക്തമാണ്. വേദനിക്കുന്നവർക്ക് തണലായി ജീവിച്ച ഈ കർമ്മയോഗിയുടെ ഓർമ്മകൾ ഇന്നും അനേകർക്ക് പ്രചോദനമാണ്.

Tags

Share this story

From Around the Web