കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍: കവർച്ചക്കായി എത്തിയത് എട്ടംഗ പൊട്ടിക്കൽ സംഘം. കണ്ണൂർ സ്വദേശികളായ ലിബിൻ, ആദർശ്, യദു, ചിക്കു, അജേഷ് എന്നിവരേയും പ്രതി ചേർത്തു
Nov 6, 2026, 12:29 IST
മലപ്പുറം: കരിപ്പൂർ സ്വർണക്കടത്തിൽ സ്വർണ കവർച്ചക്കായി എത്തിയത് എട്ടംഗ പൊട്ടിക്കൽ സംഘമെന്ന് പൊലീസിന്റെ കണ്ടെത്തൽ. കണ്ണൂർ സ്വദേശികളായ ലിബിൻ, ആദർശ്, യദു, ചിക്കു, അജേഷ് എന്നിവരെയും പൊലീസ് പ്രതി ചേർത്തു.
സ്വർണത്തിനായി ഈ സംഘം വിമാനത്താവളത്തിന് പുറത്തു നിന്നതായും പൊലീസ് ഇടപെട്ടതോടെ അഞ്ചംഗ സംഘം കടന്ന് കളഞ്ഞതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരും കണ്ണൂർ കേന്ദ്രീകരിച്ചുള്ള പൊട്ടിക്കൽ സംഘമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതോടെ കേസിൽ പ്രതി ചേർത്തവരുടെ എണ്ണം പത്തായി.
ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ സ്വര്‍ണം പൊട്ടിക്കലടക്കം ആസൂത്രണം ചെയ്തത് പ്രിയങ്ക തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.