കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു, മരണം അഞ്ചായി

 
w22

കണ്ണൂർ: മട്ടന്നൂരിനടുത്ത് കൂടാളിയിലുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരണത്തിന് കീഴടങ്ങി. തൃശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ഇന്ന് മരണപ്പെട്ടത്. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അപകടത്തിൽ പെട്ട അഞ്ചുപേരും ഇതോടെ മരണപ്പെട്ടു.

ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വരുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാർ, വെള്ളിയാഴ്ച അർദ്ധരാത്രിയോടെ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മരത്തിലിടിച്ച് പൂർണ്ണമായും തകർന്നുപോയ കാർ വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്സ് യുവാക്കളെ പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ ഒരാളും, പിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നുപേരും മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആദിത്യയും മരണപ്പെട്ടത്.

ബെംഗളൂരുവിലെ ബി.എം.എസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി അവിടെത്തന്നെ ജോലി ചെയ്തുവരികയായിരുന്നു ഈ സുഹൃത്തുക്കൾ. അലവിൽ സ്വദേശിയായ ഷാൻ തന്റെ വിവാഹത്തിന് ക്ഷണിച്ചതിനെത്തുടർന്ന് സുഹൃത്തുക്കളുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു ഇവർ.

വീട്ടിലെത്താൻ അരമണിക്കൂർ ദൂരം മാത്രം ബാക്കിനിൽക്കെയാണ് വിധി ഇവരെ തട്ടിയെടുത്തത്. തൃശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിലെ താമസക്കാരനും നാവികസേന ഉദ്യോഗസ്ഥനായ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ് മരിച്ച ആദിത്യ കൃഷ്ണദീപ്.

ഈ ദുരന്തവാർത്ത നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Tags

Share this story

From Around the Web