മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും തിരുനാളും

കാഞ്ഞിരപ്പള്ളി: സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പ് ആചരണം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ആഘോഷിക്കുന്നു.
31ന് വൈകുന്നേരം നാലിന് കൊടിയേറ്റ്. തുടര്‍ന്ന് കത്തീഡ്രല്‍ വികാരി ആര്‍ച്ചുപ്രീസ്റ്റ് കുര്യന്‍ താമരശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ എല്ലാ ദിവസവും രാവിലെ 5, 6.30, 8.15, 10, ഉച്ചയ്ക്ക് 12, 2, വൈകുന്നേരം 4.30, 7 എന്നീ സമയങ്ങളില്‍ വി ശുദ്ധ കുര്‍ബാന. തിരുനാള്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണം നടക്കും.
സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം 4.30ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, നാലിന് വൈകുന്നേരം 4.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഏഴിന് വൈകുന്നേരം 4.30ന് മാര്‍ മാത്യു അറയ്ക്കല്‍, എട്ടിന് വൈകുന്നേരം 4.30ന് മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ ദിവ്യബലിയര്‍പ്പിക്കും.
കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍മാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വി.കുര്‍ബാന അര്‍പ്പിക്കും.
സെപ്റ്റംബര്‍ നാലിന് രാവിലെ 10ന് രോഗികള്‍ക്കുവേണ്ടിയും ഏഴിന് രാവിലെ 10ന് പ്രവാസികള്‍ക്കുവേണ്ടിയും പ്രത്യേക വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കും.
സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11.30ന് കാഞ്ഞിരപ്പള്ളി രൂപതാ എസ്എംവൈഎം, മാതൃവേദി, നാലിന് 11.30ന് മിഷന്‍ലീഗിന്റെയും 6ന് വിവിധ ഇടവകകളുടെയും നേതൃത്വത്തില്‍ മരിയന്‍ തീര്‍ത്ഥാടനകള്‍ ഉണ്ടാകും.