കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ കല്യാണ്‍ രൂപതയുടെ ആര്‍ച്ചുബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
എഴുതപ്പെട്ട നാല് സുവിശേഷങ്ങളോടൊപ്പം എഴുതപ്പെടാത്ത ഒരു സുവിശേഷം ഉണ്ടെന്നും അത് അല്മായരുടെ സുവി ശേഷാ നുസൃത ജീവിതമാണെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അത് പ്രാവര്‍ത്തികമാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. വീട്ടിലും സമൂഹത്തിലും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഓരോരുത്തരും സഭയെ പടുത്തുയര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാസ്റ്ററല്‍ കൗണ്‍സില്‍ തുറന്ന ശ്രവണത്തിന്റെ വേദിയാ ണെന്നും ആ ശ്രവണത്തിലൂടെയാണ് സഭ വളരുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ബിനോ പി. ജോസും ജോയിന്റ് സെക്രട്ടറിയായി അഡ്വ. ഷാന്‍സി ഫിലിപ്പും ചുമതലയേറ്റു.
'സഭയും സമൂഹവും' എന്ന വിഷയത്തെക്കുറിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനോ പി. ജോസ് ക്ലാസ് നയിച്ചു. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരുന്നു.
രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, രൂപതാ സിഞ്ചെല്ലൂസ് റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. മാത്യു ശൗര്യാംകുഴി, ഫാ. ഫിലിപ്പ് തടത്തില്‍, സിസ്റ്റര്‍ ട്രീസ എസ് എച്ച്, ഡോ. ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.