‘കനിവ് 2026’ സംഗീതസന്ധ്യ ശ്രദ്ധേയമായി; വൃക്കരോഗികൾക്ക് പ്രത്യാശയേകി ഷാർജ CSI പാരിഷ് അൽമായ ഫെലോഷിപ്പിന്റെ ജീവകാരുണ്യ സംരംഭം

 
Peru
ഗുരുതരമായ വൃക്കരോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന ആതുരർക്ക് പ്രത്യാശയേകുക എന്ന ലക്ഷ്യത്തോടെ, ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കനിവ് 2026' കാരുണ്യസന്ധ്യ ഏറെ അനുഗ്രഹീതമായി. മേയ് 29-ന് ഷാർജ സി.എസ്.ഐ പാരിഷിൽ വെച്ച് നടന്ന ഈ ജീവകാരുണ്യ സംഗമത്തിൽ ആയിരത്തോളം പേരാണ് പങ്കാളികളായത്. സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയിൽ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, ദുബായ് ഹെൽത്തിലെ പ്രഗത്ഭ നെഫ്രോളജിസ്റ്റായ ഡോ. ധന്യ മോഹൻ നയിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.
വൃക്കരോഗങ്ങളുടെ പ്രതിരോധം, ആധുനിക ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് അവർ ലളിതമായി വിശദീകരിച്ചത് പങ്കെടുത്തവർക്കേവർക്കും ഏറെ പ്രയോജനകരമായി.
എൻ.ടി.വി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാത്തുകുട്ടി കടോൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രമുഖ സാമൂഹിക-മാധ്യമ പ്രവർത്തകരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
യു.എ.ഇ-യിലെ പ്രമുഖ ക്രിസ്തീയ ഗായകസംഘമായ 'ജോയ്ഫുൾ സിംഗേഴ്സ് യു.എ.ഇ', 'വൈ.എം.സി.എ ക്വയർ ബഹ്റൈൻ' എന്നിവർ സംയുക്തമായി അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന സംഗീത വിരുന്ന് 'കനിവ് 2026'-ന് മാറ്റുകൂട്ടി. അഞ്ച് വ്യത്യസ്ത ഭാഷകളിലായി ഇരു സംഘങ്ങളിൽ നിന്നുമായി 250 ഓളം ഗായകർ ഒരേ വേദിയിൽ അണിനിരന്നത് സംഗീതാസ്വാദകർക്ക് തികച്ചും നവ്യവും ഭക്തിസാന്ദ്രവുമായ ഒരനുഭവമാണ് സമ്മാനിച്ചത്.
ഇടവക വികാരി റവ. ജേക്കബ് ജോർജ്, അൽമായ ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് ബിജു തോമസ് ഓവനാലിൽ, സെക്രട്ടറി അജീഷ് പി. ചെറിയാൻ, ട്രഷറർ ലിജോ മാത്യു, കനിവ് 2026- ൻ്റെ കൺവീനർമാരായ എബി ജേക്കബ് താഴികയിൽ, ജോസഫ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പ്രോഗ്രാം കമ്മിറ്റിയാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ആതുരസേവനത്തിന്റെ ഉദാത്തമായ ഈ മാതൃക വിജയിപ്പിക്കാൻ സഹകരിച്ച എല്ലാ നല്ലവരായ വിശ്വാസികൾക്കും പൊതുജനങ്ങൾക്കും പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ ഹൃദയംഗമമായ നന്ദി അറിയിച്ചു.

Tags

Share this story

From Around the Web