കനഗോലുവിന്റെ തുടക്കം പാളി:  യു.ഡി.എഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായില്ലെന്നുള്ള റിപ്പോര്‍ട്ടില്‍ ക്രൈസ്തവ സഭകള്‍ക്ക് അതൃപ്തി

 
SUNIL KANGOLY

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച നേട്ടമാണ് ഉണ്ടായത്. വിജയത്തില്‍ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ സുനില്‍ കനഗോലു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ക്രൈസ്ത സഭകളും കോണ്‍ഗ്രസിലെ തന്നെ ക്രൈസ്തവ നേതാക്കളും കടുത്ത അതൃപ്തിയിലാണ്. യു.ഡി.എഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായില്ലെന്നും മുസ്ലിം വോട്ടുകള്‍ മാത്രമാണ് യു.ഡി.എഫിന് അനുകൂലമായതന്നും കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്യ 2026' ലീഡര്‍ഷിപ്പ് ക്യാമ്പിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 

ഭരണവിരുദ്ധ വികാരം യുഡിഎഫ് മുന്നേറ്റത്തിന് കാരണമായിട്ടില്ലെന്ന കനഗോലുവിന്റെ നിലപാട് ആണ് നേതാക്കള്‍ തിരുത്തിയത്. കോണ്‍ഗ്രസ് നേതൃക്യാംപിലാണ് കനഗോലു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍, ശശി തരൂര്‍, ബെന്നി ബഹനാന്‍ എന്നിവര്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടിനെ തള്ളിയിരുന്നു. 

അതേസമയം, ക്രൈസ്തവ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായില്ലെന്നു കനഗോലു പറയുന്നതില്‍ ക്രൈസസതവ സഭാ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. മധ്യകേരളത്തില്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫിന് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. കനഗോലുവിന്റെ റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍  യു.ഡി.എഫിന് ഏകീകൃതമായി മുസ്ലിംങ്ങള്‍ മാത്രമാണ് വോട്ട് ചെയ്തത്. കനഗോലുവിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍ തെറ്റുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍  തന്നെ തുറന്നു പറയുന്ന അവസ്ഥയുണ്ട്. 
കോണ്‍ഗ്രസിന് ഇക്കുറി കേരളത്തില്‍ ജയിക്കുക നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ക്രൈസ്ത വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ കനഗോലുവിനെ നേതാക്കള്‍ തിരുത്തി പറയുന്നത്. 


കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയാണ് സുനില്‍ കനഗോലു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന് ഒപ്പം ബിജെപിയുടെ പ്രധാന രാഷ്ട്രീയ തന്ത്രജ്ഞരില്‍ ഒരാളായിരുന്നു അദ്ദേഹം. 2017ന്റെ തുടക്കത്തില്‍ നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും സുനില്‍ ഒപ്പമായിരുന്നു. ബിജെപിയുടെ പ്രചാരണം മികച്ച രീതിയില്‍ കൈകാര്യം ചെയ്തു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.കെ സ്റ്റാലിനുമായി ബന്ധപ്പെട്ടുനിന്ന സുനില്‍ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി. ആ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം ആകെയുള്ള 39 പാര്‍ലമെന്റ് സീറ്റുകളില്‍ 38 എണ്ണവും നേടി. തന്റെ പഴയസഹപ്രവര്‍ത്തകന്‍ പ്രശാന്ത് കിഷോര്‍ ഡിഎംകെ ക്യാമ്പില്‍ ചേര്‍ന്ന് തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയതോടെ സുനില്‍ സ്റ്റാലിന്‍ ക്യാമ്പ് വിട്ട് ബെംഗളൂരുവിലേക്ക് മാറി.

ഹിന്ദി ഹൃദയഭൂമി കൈവിട്ടപ്പോഴും കോണ്‍ഗ്രസിന് ആശ്വാസമായത് തെലങ്കാനയിലെ തിളക്കമാര്‍ന്ന വിജയം. അതിന് സഹായിച്ചതാകട്ടെ സുനില്‍ കനുഗോലുവിന്റെ കൗശലവും. കോണ്‍ഗ്രസിന് ചരിത്ര വിജയം സമ്മാനിച്ച കനുഗോലുവിനെ കൈവിട്ടതിന് കെ ചന്ദ്രശേഖര റാവുവിന് വലിയ വില കൊടുക്കേണ്ടിവന്നു.

തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന കനുഗോലു കെസിആര്‍ തന്റെ ഫാം ഹൗസില്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്തെങ്കിലും ഒടുവില്‍ കെസിആറിന്റെ ടീമില്‍ ചേരാതെ കനുഗോലു മടങ്ങി. ഇതുകഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം എഐസിസിയുടെ തെരഞ്ഞെടുപ്പ് തന്ത്രരൂപീകരണ സമിതിയുടെ ചുമതലക്കാരനായി സുനില്‍ കനുഗോലു നിയമിക്കപ്പെടുകയായിരുന്നു. കര്‍ണാടകയിലും തെലുങ്കാനയിലും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ കനഗോലുവിന് അനുകൂലമാണെങ്കിലും രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബീഹാര്‍ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പരാജയം കനഗോലുവിന്റെ തന്ത്രങ്ങളുടെ പാളിച്ച കൂടിയാണ്.

Tags

Share this story

From Around the Web