കള്ളാടി ദുരന്തം, കരാറുകാരുടെ അനാസ്ഥയെന്ന് മന്ത്രി പി.കെ. ബഷീര്‍, ഉത്തരവാദിത്വം കൊങ്കണ്‍ റെയില്‍വേയ്ക്ക്
കള്ളാടി തുരങ്കപാത നിര്‍മ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍, പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് കരാറുകാര്‍ക്ക് രണ്ട് തവണ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി മന്ത്രി പി.കെ. ബഷീര്‍ വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പിനെ നോക്കുകുത്തിയാക്കി കരാറുകാര്‍ പ്രവര്‍ത്തിക്കുകയാണെന്നും, സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വേയ്ക്കാണെന്നും മന്ത്രി ആരോപിച്ചു. കൂടാതെ, പദ്ധതിക്ക് ആവശ്യമായ എല്ലാ അനുമതികളും നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോലികള്‍ നേരത്തെ നിര്‍ത്തിവെച്ചതും ആളുകളെ ഒഴിപ്പിച്ചതും നിര്‍ണ്ണായകമായെന്നും, അതിനാല്‍ എഞ്ചിനീയര്‍മാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പിനെ കൂടുതല്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും വകുപ്പ് ഇതിന്റെ ഭാഗമല്ലെന്നും മന്ത്രി വിശദീകരിച്ചു.
പലതവണ യോഗങ്ങള്‍ ചേര്‍ന്ന് അവിടുത്തെ സാഹചര്യം വിലയിരുത്തുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതായി പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അതീല അബ്ദുല്ല അറിയിച്ചു.
ജൂണ്‍ 25-ന് ചേര്‍ന്ന അവലോകന യോഗത്തില്‍, പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കാരണം സോയില്‍ പൈപ്പിംഗ് , സ്ലോപ്പ് സ്റ്റെബിലിറ്റി തുടങ്ങിയ പ്രതിഭാസങ്ങള്‍ വഴി അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അത് തടയാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി വകുപ്പ് വ്യക്തമാക്കി.
കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ലെന്നും, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തമാണെന്നും മന്ത്രി ടി. സിദ്ദിഖ് കുറ്റപ്പെടുത്തി.