കള്ളാടി ദുരന്തം, മുന്നറിയിപ്പുകള്‍ അവഗണിച്ചു, അശാസ്ത്രീയ നിര്‍മ്മാണം വിനയായി; പിഡബ്ല്യുഡി രേഖകള്‍ പുറത്ത്
വയനാട്:വയനാട് മേപ്പാടി കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ മനുഷ്യനിര്‍മ്മിതമാണെന്ന് വ്യക്തമായിരിക്കുകയാണ്.
മീനാക്ഷിപാലത്തിന് സമീപത്തെ പദ്ധതി പ്രദേശത്ത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് മഴക്കാലത്ത് സോയില്‍ പൈപ്പിംഗ്, സ്ലോപ്പ് സ്റ്റെബിലിറ്റി തുടങ്ങിയ പ്രതിഭാസങ്ങളിലൂടെ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജൂണ്‍ 25-ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട യോഗ മിനിറ്റ്‌സ് വ്യക്തമാക്കുന്നു.
തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും മണ്ണ് നീക്കം ചെയ്യുന്നതില്‍ വലിയ പാളിച്ചകള്‍ സംഭവിച്ചുവെന്നും, ഇക്കാര്യം കൊങ്കണ്‍ റെയില്‍വേ അധികൃതരെ നേരത്തെ അറിയിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു.
ടൗണ്‍ഷിപ്പ് ഭാഗത്തും സമാനമായ രീതിയില്‍ മണ്ണ് കൂട്ടിയിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, മണ്ണ് നീക്കം ചെയ്യാതിരുന്ന സാഹചര്യത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്നും അറിയിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് തുരങ്കപാത നിര്‍മ്മാണം നടക്കുന്ന പ്രദേശത്തെ പ്രവൃത്തികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.