കളമശേരി കൂട്ടബലാത്സംഗം: അതിജീവിത നേരിട്ടത് ക്രൂരമായ പീഡനം. ലഹരി എവിടെ നിന്ന് എത്തി എന്നതിലും പ്രതികളുടെ ഗുണ്ടാ ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലിസ്
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ പീഡനം. അതിജീവിതയുടെ വിശദമായ മൊഴി പൊലിസ് രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതികളെ യുവതി തിരിച്ചറിഞ്ഞു.
രണ്ടാം പ്രതി ശരണ്യ അടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തി എന്ന് യുവതി മൊഴി നല്‍കി. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
രാസലഹരി ഐസ്‌ക്രീമില്‍ കലര്‍ത്തി നല്‍കിയാണ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ലഹരി എവിടെ നിന്ന് എത്തി എന്നതിലും പ്രതികളുടെ ഗുണ്ടാ ബന്ധങ്ങളിലേക്കും പൊലിസ് അന്വേഷണം വ്യാപിപ്പിച്ചു.
സമാന സാഹചര്യത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
കേസില്‍ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കല്‍ സ്വദേശി ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ ഇന്ന് കളമശേരി ഉണിച്ചിറയിലെ ഡിലൈറ്റ് സ്പായിലും ഇടപ്പള്ളിയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് പിടിയിലായ രണ്ടാം പ്രതി ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശരണ്യ (അമ്മു 30), മൂന്നാം പ്രതി തൃശൂര്‍ പറപ്പൂക്കര സ്വദേശി സഞ്ജു സഞ്ജയ് (21) എന്നിവരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.