കാലടി പരീക്ഷ വിവാദം: വിദ്യാര്‍ഥികളുടെ ഹരജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദവാദം; മാപ്പെഴുതി നല്‍കണമെന്ന നിലപാടിലുറച്ച് സര്‍വകലാശാല
കൊച്ചി: പരീക്ഷ എഴുതാന്‍ അനുമതി ആവശ്യപ്പെട്ട് കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് സിംഗിള്‍ ബെഞ്ച് ഹരജി പരിഗണിക്കുന്നത്.
മാപ്പെഴുതി നല്‍കണമെന്ന സര്‍വകലാശാലയുടെ ആവശ്യത്തിനെതിരായ വിദ്യാര്‍ഥികളുടെ ഭേദഗതി ഹരജി ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. ഇതിനുമേല്‍ ഉച്ചയ്ക്ക് രണ്ടിന് വിശദമായ വാദം ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്തിന്റെ ബെഞ്ച് കേള്‍ക്കും.
രണ്ടുമാസത്തിലേറെയായി വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തിയിട്ടും സര്‍വകലാശാലയുടെ അരിശം തീരുന്നില്ലേ എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും.
കഴിഞ്ഞ സെപ്തംബര്‍ ഒന്ന് മുതല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഷനിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, വിദ്യാര്‍ഥികളുടെ വാദം കേട്ട ശേഷം ഒക്ടോബര്‍ 10-ന് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.
നവംബര്‍ രണ്ടിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം, മാപ്പപേക്ഷ നല്‍കിയാല്‍ 12 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും നാല് പേരുടെ സസ്‌പെന്‍ഷന്‍ രണ്ടുമാസം കൂടി തുടരാനും തീരുമാനിച്ചതായും അതിനാല്‍ നിലവിലെ ഹരജി കാലഹരണപ്പെട്ടതായും സര്‍വകലാശാല വാദിച്ചു.
ഇക്കാര്യം കോടതി ഹരജിക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഹരജി ഭേദഗതി ചെയ്തത്. തുടര്‍ന്ന് ഇന്നലെ ഈ ഭേദഗതി ഹരജി ഹൈക്കോടതി അംഗീകരിച്ചു