ദുക്റാന തിരുനാളിനും സഭാദിനാഘോഷത്തിനും കാക്കനാട് മൗണ്ട് സെന്റ് തോമസ് ഒരുങ്ങി

 
099899

കാക്കനാട്: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച, സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സീറോമലബാർ സഭാദിനാഘോഷവും പ്രൗഢഗംഭീരമായി സംഘടിപ്പിക്കുന്നു. അന്നേദിവസം രാവിലെ 8:30നു സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തികൊണ്ടു സഭാദിനാഘോഷങ്ങൾക്ക് ആരംഭംകുറിക്കും. തുടർന്ന് 8:45നു മേജർ ആര്‍ച്ച് ബിഷപ്പിന്റെ കാർമ്മികത്വത്തിൽ റാസ കുർബാന അർപ്പിക്കപ്പെടും. ബിഷപ്പ് എമിരിറ്റസ് മാർ ബോസ്കോ പുത്തൂർ കുർബാന മദ്ധ്യേ വചന സന്ദേശം നൽകും.

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ സണ്ണി ജോസഫ്, മോൻസ് ജോസഫ്, റോജി എം. ജോൺ, എന്നിവരും ചീഫ് വിപ്പ് അപു ജോൺ ജോസഫും മുഖ്യാതിഥികളായി പങ്കെടുക്കുകയും സീറോമലബാർ സഭയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്യും. ഇതോടൊപ്പം, സീറോമലബാർ സഭാംഗവും കത്തോലിക്കാ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ പ്രമുഖ പ്രവാസിവ്യവസായി ഷെവലിയർ ഡേവിസ് എടക്കളത്തൂരിനെയും ചടങ്ങിൽ പ്രത്യേകമായി ആദരിക്കുന്നതാണ്.

2026 ഒക്ടോബർ 19 മുതൽ 23 വരെയുള്ള തീയതികളിൽ റോമിൽ വച്ച് നടക്കുന്ന കത്തോലിക്കാ കോൺഗ്രസിന്റെ ഗ്ലോബൽ മീറ്റിന് മുന്നോടിയായി, 40 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറിക്കൊണ്ട് നിർവ്വഹിക്കും.

"ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ" എന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശന കർമ്മവും ചടങ്ങിൽ നിർവഹിക്കപ്പെടും. തൃശൂർ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, റവ. ഡോ. പയസ് മലേക്കണ്ടത്തിൽ എന്നിവർ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. മാർതോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലായും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്കാരമായും മാറുന്ന ഈ മഹാസംഗമത്തിൽ സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽ നിന്നുള്ള വൈദിക, സമർപ്പിത, അല്മായ പ്രതിനിധികൾ ഒത്തുചേരും.

Tags

Share this story

From Around the Web