കാക്കനാട് എംഡിഎംഎ പിടികൂടിയ സംഭവം: സിനിമാമേഖലയിലേക്കും എംഡിഎംഎ എത്തിച്ചു; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ രണ്ട് ദിവസം കൊണ്ട് വിറ്റത് അരക്കിലോ
Oct 3, 2026, 18:13 IST
എറണാകുളം: എറണാകുളം കാക്കനാട് എംഡിഎംഎയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസിന്റെ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പിടിയിലായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അരുണ്‍ സിനിമാമേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വിറ്റതായാണ് കണ്ടെത്തല്‍.
രണ്ട് ദിവസം കൊണ്ട് അരക്കിലോയോളം എംഡിഎംഎയാണ് പ്രതി വിറ്റത്. ലഹരി വിറ്റ്കിട്ടിയ പണമാണ് ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്ന് കണ്ടെടുത്ത 15 ലക്ഷം രൂപ. ഐടി പ്രൊഫഷണല്‍സ്, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഇയാള്‍ ലഹരി എത്തിച്ചുനല്‍കിയിരുന്നതായും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.
കാക്കനാട് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 38.133 ഗ്രാം എംഡിഎംഎയും ഹോണ്ട സിറ്റി കാറും, 15 ലക്ഷം രൂപയുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.