കെ. സുരേന്ദ്രനെ വെട്ടിയത് രാജീവ് ചന്ദ്രശേഖർ; രാജ്യസഭാ സീറ്റിലേക്ക് സി. സദാനന്ദൻ്റെ പേര് പ്രധാനമന്ത്രിയോട് നിർദേശിച്ചു. ബിജെപിയിലെ ആഭ്യന്തര കലഹം പുറത്ത്

ബിജെപിയിലെ ആഭ്യന്തര കലഹം മറനീക്കി പുറത്ത് വരുന്നു. രാജ്യസഭാ സീറ്റിൽ കെ. സുരേന്ദ്രനെ വെട്ടിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കെ. സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി, സി. സദാനന്ദൻ എന്നിവരുടെ പേരുകളാണ് ബിജെപി കേന്ദ്ര നേതൃത്വം രാജ്യസഭയിലേക്ക് പരിഗണിച്ചത്. അക്രമ രാഷ്ട്രീയത്തെ തുറന്നു കാണിക്കാൻ സി. സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കെ. സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ പേരുകളാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ ആദ്യം ഉയർന്നത്. എന്നാൽ നാടകീയമായി സി. സദാനന്ദൻ്റെ പേര് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുകയായിരുന്നു. സിപിഐഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയായി ദേശീയതലത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും സി. സദാനന്ദനെ ഉയർത്തി കാണിക്കാമെന്ന് പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ ധരിപ്പിച്ചു. കെ. സുരേന്ദ്രന് വേണ്ടി ബി. എൽ. സന്തോഷ് അടക്കമുള്ള പ്രമുഖർ നടത്തിയ കരു നീക്കങ്ങൾക്ക് തടയിടാനാണ് രാജീവ് ചന്ദ്രശേഖർ ഇതിലൂടെ ശ്രമിച്ചത്. ജീവിക്കുന്ന ബലിദാനിയായി ബിജെപിയും ആർഎസ്എസും പരിഗണിക്കുന്ന സി. സദാനന്ദൻ്റെ പേര് ഉയർത്തിയത് വഴി ഇതിൽ എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാൻ രാജീവ് ചന്ദ്രശേഖറിന് സാധിച്ചു. പുനഃസംഘടനയ്ക്ക് ശേഷം സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ അപ്രമാദിത്വം ഒന്നുകൂടി ഉറപ്പിക്കാനും ഇതിലൂടെ രാജീവിന് കഴിഞ്ഞു.
സംസ്ഥാനത്തെ ബിജെപിയിൽ അവസാനവാക്ക് താനായിരിക്കുമെന്നും മുന്നോട്ടുള്ള പ്രവർത്തനത്തിൽ തടസ്സമായി ആരെയും ഒപ്പം കൊണ്ടുനടക്കേണ്ട ബാധ്യത തനിക്ക് ഇല്ലെന്നും നിശബ്ദമായി പ്രഖ്യാപിക്കുക കൂടി ചെയ്യുകയാണ് രാജീവ് ചന്ദ്രശേഖർ. മറ്റു സംസ്ഥാനങ്ങളിലെ ഗവർണർ പോലുള്ള പദവികളിലേക്ക് കെ. സുരേന്ദ്രനെ പരിഗണിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ എതിർപ്പ് പ്രകടിപ്പിക്കാൻ ഇടയില്ല. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ മുൻ അധ്യക്ഷൻ ഇടപെടുന്നത് ഒഴിവാക്കാനാണ് രാജീവ് ചന്ദ്രശേഖർ പക്ഷം ശ്രമിക്കുന്നത്.