കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ; ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി, സാക്ഷികളുടെ നിര്‍ണ്ണായക മൊഴി
മാധ്യമപ്രവര്‍ത്തകന്‍ കെ എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ സാക്ഷികളുടെ നിര്‍ണ്ണായക മൊഴി. അപകട സ്ഥലത്ത് നിന്ന് ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സുസുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് കോടതിയില്‍ മൊഴി നല്‍കി. പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും പത്താം സാക്ഷി അനീഷ്.
മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 10 ,11 സാക്ഷികളാണ് കോടതിയില്‍ മൊഴി നല്‍കിയത്.അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ്.
തിരുവനന്തപുരം നാലാം അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് പത്താം സാക്ഷിയായ അനീഷ് രാജ് മൊഴി നല്‍കിയത്. പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഡോ. അനീഷ് രാജിന്റെ മൊഴിയില്‍ പറയുന്നു.
കവടിയാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചിരുന്ന രക്തം പുരണ്ട ടി-ഷര്‍ട്ടും ജീന്‍സും പിന്നീട് പൊലീസിന് എടുത്തുനല്‍കിയത് ശ്രീറാമിന്റെ ഐ.എ.എസ് അക്കാഡമിയിലെ സഹപാഠിയായിരുന്ന അമരീന്ദ്ര സിങ്ങാണ്.
പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങ്ങും കോടതിയില്‍ എത്തി മൊഴി നല്‍കി. പൊലീസിന് നല്‍കിയ അതേ വസ്ത്രങ്ങള്‍ തന്നെയാണോ ഇപ്പോള്‍ കോടതിയില്‍ ഉള്ളത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായി ഓര്‍മയില്ല എന്നാണ് ഇരുസാക്ഷികളും മറുപടി നല്‍കിയത്.
കേസിലെ പ്രതിയായ ശ്രീറാം വെങ്കട്ടരാമന്‍ ഐ എ എസിനെതിരെയുള്ള നിര്‍ണായക മൊഴിയാണ് രണ്ടും.കേസിന്റെ വിചാരണ തുടരുകയാണ്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ. എം. ബഷീര്‍ കൊല്ലപ്പെടുന്നത്.