മെസ്സിയെ കൊണ്ടുവരുമെന്ന പേരില്‍ നടന്ന കള്ളക്കച്ചവടത്തെ ന്യായീകരിച്ചത് മോശമായിപ്പോയി; തെറ്റുകള്‍ ന്യായീകരിച്ച് പിണറായയുടെ വിലപോയി; ജി സുധാകരന്‍
ആലപ്പുഴ: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിണറായി വിജയന്റെ വില പോയെന്ന് ജി സുധാകരന്‍ എംഎല്‍എ. പിണറായി പ്രതികരിക്കുന്നത് തെറ്റുകളെ ന്യായീകരിക്കാന്‍ മാത്രമെന്നും ചന്ദ്രിക ഓണപ്പതിപ്പിലെ സംഭാഷണത്തില്‍ ജി സുധാകരന്‍ വ്യക്തമാക്കി. എംവി ഗോവിന്ദന്‍ സിപിഐഎമ്മിന്റെ ഗതികേടെന്നും എം എ ബേബി ദുര്‍ബലനെന്നും വിമര്‍ശനമുണ്ട്. ആഭ്യന്തര വകുപ്പിന്റെ തൂഫാന്‍ ദ നാര്‍കോ ഹണ്ട്, സിപിഐഎമ്മിലെ ലഹരി ബന്ധമുള്ളവരെ തൊടുന്നില്ലെന്നും ആക്ഷേപം. നശിക്കാന്‍ തീരുമാനിച്ച സിപിഐഎമ്മിനെ ആര്‍ക്ക് രക്ഷിക്കാനാകും എന്ന തലക്കെട്ടിലാണ് സംഭാഷണം.
പ്രതിപക്ഷ നേതാവിന്റെ ധര്‍മ്മം പിണറായി നിര്‍വഹിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പല വിഷയങ്ങളിലും പ്രതികരിക്കാറില്ല. പ്രതികരുന്നതാണെങ്കില്‍ തെറ്റുകളെ ന്യായീകരിക്കാന്‍ മാത്രമാണ്. മെസിയെ കൊണ്ടുവരുമെന്നതിന്റെ പേരില്‍ നടന്ന കള്ളക്കച്ചവടത്തെ അദ്ദേഹം ന്യായീകരിച്ചത് മോശമായിപ്പോയി മെസിയുടെ വരവ് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ സ്ഥിതിക്ക് അതിനെ ന്യായീകരിക്കാന്‍ നില്‍ക്കേണ്ടതില്ലായിരുന്നു. തെറ്റുകളെ ന്യായീകരിച്ചും തെറ്റുകള്‍ പറഞ്ഞുമാണ് അദ്ദേഹത്തിന്റെ വിലപോയത്. കൂടെയുള്ള ഉപദേശകര്‍ക്ക് യാതൊരു രാഷ്ട്രീയ ബോധവുമില്ല. അധികാരം ലഭിച്ച ശേഷം പിണറായി ആളാകെ മാറിപ്പോയി. വേറൊരു ലൈനായി. അദ്ദേഹത്തിന് വന്ന മാറ്റം അതിശയിപ്പിക്കുന്നതാണ്. സല്‍പ്പേരിന് വലിയൊരു ഇടിവ് സംഭവിച്ചു. എല്ലാ പ്രയാസവും ഉണ്ടാകുമ്പോള്‍ എന്നെയായിരുന്നല്ലോ വിളിച്ചു കൊണ്ടിരുന്നത്. പെട്ടന്ന് ഇതെല്ലാം എന്താണ് മറുന്നുപോയത്. അദ്ദേഹം മറന്നാലും ജനം അതൊന്നും മറക്കില്ല. ഇവരെ കണ്ടാണ് പുതിയ തലമുറ പഠിക്കുന്നത് അദ്ദേഹം പറഞ്ഞു.
എം എ ബേബിക്കും എം വി ഗോവിന്ദനും വിമര്‍ശനമുണ്ട്. എംഎ ബേബി വ്യക്തിപരമായി നല്ലയാളാണ്. ആശയപരമായി അറിവുള്ളയാളുമാണ്. പക്ഷെ അത് പ്രയോഗിക്കാന്‍ കഴിയുന്നില്ല. ആദര്‍ശം പ്രയോഗിക്കാതെ പോക്കറ്റില്‍ മടക്കിവെച്ചിട്ട് ഒരുകാര്യവുമില്ല. അഖിലേന്ത്യ സെക്രട്ടറിക്ക് പോലും ശരിയെന്ന് തോന്നുന്നത് പറയാനോ പ്രവര്‍ത്തിക്കാനോ കഴിയുന്നില്ല. തെറ്റ്പറയുന്നവരെ തിരുത്താനോ അതിനെതിരെ പ്രതികരിക്കാനോ കഴിയുന്നില്ല. സുധാകരന് ഒരു പരിഗണനയും ഇല്ലെന്ന് ഗോവിന്ദന്‍ പറഞ്ഞഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഘടകം ഏതെന്നല്ല, അത് പാര്‍ട്ടി നിശ്ചയിച്ചു നല്‍കിയ ഘടകമാണെന്നും വയസിന്റെ മാനദണ്ഡത്തിലാണ് അദ്ദേഹം മാറിയതെന്നും എല്ലാപരിഗണനയും സുധാകരന് ഉണ്ടെന്ന് പറയാന്‍ പോലും ബേബിക്ക് കഴിഞ്ഞില്ല അദ്ദേഹം വിമര്‍ശിച്ചു.
ഓപ്പറേഷന്‍ തുഫാന്‍ പ്രചരണായുധമായി മാറരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഞ്ചാവും മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും കടത്തുന്ന ഏജന്റുമാരേയും പ്രമാണിമാരേയും പിടികൂടാന്‍ സര്‍ക്കാര്‍ തയാറാകണം. സിപിഐഎമ്മില്‍ ഇത്തരക്കാര്‍ വ്യാപകമാണ്. നേതൃത്വത്തില്‍ പോലും ലഹരി ബന്ധമുള്ളവര്‍ സിപിഐഎമ്മിലുണ്ട്. അവരെയൊന്നും തൊട്ടിട്ടില്ല. സംസ്ഥാന നേതാവ് അടക്കമുള്ളവര്‍ക്ക് അത്തരം ശക്തികളുമായി ബന്ധമുണ്ട്. അവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയിട്ടില്ല. ലഹരിയുമായി ലോറിയോടെ പിടികൂടിയ ആലപ്പുഴ ജില്ലയിലെ ഏരിയ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നത് പോലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാനാണ്. സംസ്ഥാന നേതൃത്വത്തിന് വിഷയത്തില്‍ എന്താണ് പറയാനുള്ളത് അദ്ദേഹം ആരോപിച്ചു.