ജഡ്ജി നിയമനത്തില്‍ കേന്ദ്ര ഇടപെടലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഭാവിയില്‍ ആരായിരിക്കണം ചീഫ് ജസ്റ്റിസ് എന്നതുപോലും മുന്‍കൂട്ടി കണക്കുകൂട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
തിരുവനന്തപുരം: സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്.
ജഡ്ജി നിയമനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നുവെന്നും കൊളീജിയം ശുപാര്‍ശകള്‍ അട്ടിമറിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. യൂത്ത് ലീഗ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ജുഡീഷ്യറിയിലെ സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ചുള്ള തുറന്നുപറച്ചില്‍.
കൊളീജിയം ശുപാര്‍ശ ചെയ്യുന്ന പലരുടെയും പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. സര്‍ക്കാരിന് താല്‍പ്പര്യമില്ലാത്തവരെ നിയമിക്കാതിരിക്കാനും അവരുടെ സീനിയോറിറ്റി നഷ്ടപ്പെടുത്തി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള സാധ്യത ഇല്ലാതാക്കാനുമാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജുഡീഷ്യറിയിലെ പ്രശ്‌നങ്ങള്‍ തുറന്നുപറയാനാണ് താനടക്കം നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തെ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും കുര്യന്‍ ജോസഫ് ഓര്‍മിപ്പിച്ചു.
കാര്യങ്ങള്‍ ശരിയായ രീതിയിലല്ലെന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു അന്ന് അസാധാരണമായ നടപടിക്ക് മുതിര്‍ന്നത്. എന്നാല്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടും കാര്യമായ മാറ്റമുണ്ടായില്ല. നിലവിലെ സാഹചര്യം അതിനേക്കാള്‍ മോശമായെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.