നൈജീരിയയിലെ ക്രൈസ്തവ പീഡനം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന് നീതി; വ്യാജ കേസ് കോടതി തള്ളി
കടൂണ: നൈജീരിയായിലെ ദക്ഷിണ കടൂണയില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രൂരമായ പീഡനങ്ങളെക്കുറിച്ചും വംശഹത്യയെക്കുറിച്ചും വാര്‍ത്ത നല്‍കിയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ലൂക്കാ ബിന്നിയാറ്റിനെതിരെ ചുമത്തിയ വ്യാജ ക്രിമിനല്‍ മാനനഷ്ടക്കേസ് നൈജീരിയന്‍ ഫെഡറല്‍ ഹൈക്കോടതി തള്ളി. നീണ്ട അഞ്ചു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ലൂക്കയെ കോടതി പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയത്. വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച ലൂക്കാ ബിന്നിയാറ്റ്, സത്യം ലോകത്തോട് പറഞ്ഞതിനാണ് താന്‍ തടവിലാക്കപ്പെട്ടതെന്നും നൈജീരിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന കൊടും പീഡനങ്ങള്‍ ലോകമറിയാന്‍ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും പ്രതികരിച്ചു.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദക്ഷിണ കടൂണയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ഒരു ജനപ്രതിനിധി നടത്തിയ പ്രസ്താവന ലൂക്കാ ബിന്നിയാറ്റ് യു.എസ് അധിഷ്ഠിത പത്രമായ 'എപ്പോച്ച് ടൈംസില്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണകൂടം ഈ വംശഹത്യ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ജനപ്രതിനിധിയുടെ ആരോപണം. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, ക്രിമിനല്‍ മാനനഷ്ടം ആരോപിച്ചു നൈജീരിയന്‍ അധികൃതര്‍ ലൂക്കയെ അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം തടവിലിടുകയുമായിരിന്നു.
2022 ഫെബ്രുവരിയില്‍ ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും കേസിന്റെ നടപടികള്‍ തുടരുകയായിരുന്നു. കേസില്‍ ലൂക്കയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്നും കുറ്റം തെളിയിക്കാന്‍ യാതൊരു തെളിവുമില്ലെന്നും നിരീക്ഷിച്ചാണ് കടൂണയിലെ ഫെഡറല്‍ ഹൈക്കോടതി കേസ് തള്ളിയത്. മാധ്യമപ്രവര്‍ത്തകന്‍ തന്റെ ധര്‍മ്മം മാത്രമാണ് നിര്‍വ്വഹിച്ചതെന്നും കോടതി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ നീതിന്യായ സംഘടനയായ അലയന്‍സ് ഡിഫന്‍ഡിങ് ഫ്രീഡം (ADF) എന്ന മനുഷ്യാവകാശ സംഘടനയാണ് ലൂക്കയ്ക്ക് നിയമസഹായം നല്‍കിയത്.
ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. വടക്കന്‍-മധ്യ നൈജീരിയന്‍ മേഖലകളില്‍ മാത്രം പ്രതിവര്‍ഷം ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളാണ് മതതീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പ്രമുഖ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനകള്‍ വിധിയെ സ്വാഗതം ചെയ്തു.