തനിയേ കേട്ടാൽമതി, അടുത്തുള്ളവനെ കേൾപ്പിക്കേണ്ട! ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വിഡിയോയും വച്ചാൽ അകത്താകും
ട്രെയിൻ യാത്രയ്ക്കിടെ അടുത്തിരിക്കുന്നവന്റെ കർണപുടം അടിച്ചുപോകും വിധത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നവരും ഉച്ചത്തിൽ പാട്ട് കേൾക്കുന്നവരും ബഹളം വയ്ക്കുന്നവരുമുണ്ട്. ഇയർഫോൺ ഉപയോഗിക്കാതെ മറ്റുള്ളവരെ അലോസരപ്പെടുത്തും വിധം പെരുമാറുന്നവർക്ക് ഇനി പണി. ഇത്തരം ശല്യക്കാർക്കെതിരെ നടപടിയെടുക്കാനാണ് റെയിൽവേയുടെ നീക്കം.
ആയിരം രൂപ പിഴയാണ് ആദ്യപടി. ആവർത്തിച്ചാൽ തടവുശിക്ഷയും കൂടുതൽ പിഴയും ലഭിക്കാം. ഇതിനുള്ള നിർദേശം ദക്ഷിണ റെയിൽവേ നൽകിക്കഴിഞ്ഞു. ട്രെയിനുകൾക്കുള്ളിൽ മാത്രമല്ല റെയിൽവേ സ്റ്റേഷനുകളിലും ഇത്തരം ശബ്ദമലിനീകരണം നിയന്ത്രിക്കാനുള്ള നടപടി കർശനമാക്കും.
ഒന്നുകിൽ എത്രയുംവേഗം ഇയർഫോൺ വാങ്ങി ഉപയോഗിച്ച് ശീലിക്കുക, അതല്ലെങ്കിൽ പിഴത്തുക കയ്യിൽ കരുതുക. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ വാണിജ്യവിഭാഗം സർക്കുലർ പുറത്തിറക്കി. നിയന്ത്രണം സംബന്ധിച്ച് യാത്രക്കാരെ ബോധവൽക്കരിക്കുകയാണ് ആദ്യഘട്ടം . മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്കു പുറമേ ഹിന്ദിയിലും ഇംഗ്ലിഷിലും അറിയിപ്പുകൾ നൽകും.
സ്പീക്കർ മോഡിൽ പാട്ടുകളും വിഡിയോകളും വയ്ക്കരുതെന്നും ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും ബോധവൽകരണസന്ദേശങ്ങളിൽ വ്യക്തമാക്കും. ഇയർഫോൺ ഉപയോഗത്തെക്കുറിച്ചും മാർഗനിർദേശമുണ്ടാകും. ബോധവൽക്കരണ നടപടികൾ സംബന്ധിച്ച് ഈമാസം ഇരുപതിനകം റിപ്പോർട്ട് നൽകാനും ദക്ഷിണ റെയിൽവേ ഡിവിഷണൽ ഓഫിസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് .
ഇനി ടിടിഇമാരുടെ ജോലി ടിക്കറ്റ് പരിശോധന മാത്രമാകില്ല, സഹയാത്രികരെ ശല്യപ്പെടുത്തുന്നവരെ പിടികൂടൽ കൂടിയാകും. റെയിൽവേ നിയമത്തിലെ 145ാം വകുപ്പുപ്രകാരമാണ് നടപടി സ്വീകരിക്കുക. ശല്യക്കാരെ ഉടൻ ട്രെയിനിൽ നിന്ന് നീക്കാനും ടിക്കറ്റ് റദ്ദാക്കാനും പിഴ ചുമത്താനും ഇതിൽ വ്യവസ്ഥയുണ്ട്. റെയിൽവേ ജീവനക്കാരുടെ നിർദേശം അവഗണിച്ചാൽ ആറുമാസം വരെ തടവോ 5000രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിച്ചേക്കാം. ടിടിഇ റാങ്കിൽ കുറയാത്ത അധികാരമുള്ള വാണിജ്യവിഭാഗം ജീവനക്കാർക്കാണ് നടപടിയെടുക്കാനുള്ള ചുമതല.
2012ൽ സമാനമായൊരു നിർദേശം റെയിൽവേ നൽകിയിരുന്നു. ട്രെയിനുകളിലെ ഉച്ചത്തിലുള്ള സംസാരം, ദീർഘനേരത്തെ ഫോൺ സംഭാഷണം, അലോസരമുണ്ടാക്കുന്ന റിങ് ടോണുകൾ എന്നിവ നിയന്ത്രിക്കാനായിരുന്നു അത്. അതിന്റെ തുടർച്ച കൂടിയാണിപ്പോൾ സ്പീക്കർ മോഡിൽ ഓഡിയോയും വിഡിയോയും വയ്ക്കുന്നതിനെതിരെ വന്നിരിക്കുന്നത്.