ജൂബിലി വര്‍ഷം; ഇടുക്കി രൂപതയിലെ അമ്മമാര്‍തീര്‍ത്ഥാടനം നടത്തി
ഇടുക്കി: വി. ഫ്രാന്‍സിസ് അസീസിയുടെ 800-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ തീര്‍ത്ഥാടന ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തി.
ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സന്ദേശം നല്‍കി. അടിസ്ഥാനപരമായി മനുഷ്യനുണ്ടാകേണ്ടത് ദൈവിക ചിന്തകളാണെന്ന് അദ്ദേഹം പറഞ്ഞു.
മാനുഷിക മൂല്യങ്ങളും മനുഷ്യത്വപരമായ കാഴ്ചപ്പാടുകളും അന്യമാകുന്ന സ്ഥിതിവിശേഷമാണ് നാട്ടിലുള്ളതെന്ന് ദിനംപ്രതി വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ദൈവത്തോട് ചേര്‍ന്ന് ജീവിച്ച പച്ചയായ മനുഷ്യനായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് അസീസി എന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് തച്ചുകുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ച നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് അമ്മമാര്‍ അണിനിരന്നു. തീര്‍ത്ഥാ ടനത്തിന്റെ സമാപനത്തില്‍ പൂര്‍ണ്ണദണ്ഡ വിമോചനത്തിന്റെ ആശീര്‍വാദം മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നല്‍കി.
രൂപതയിലെ 6 ഫൊറോനകളില്‍ നിന്നായി എത്തിയ അമ്മമാരാണ് തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നത്. നവംബര്‍ 21ന് സെന്റ് ഫ്രാന്‍സിസ് അസീസി തീര്‍ത്ഥാടന ദേവാലയത്തിലും ഡിസംബര്‍ 5ന് രാജാക്കാട് ക്രിസ്തുരാജ തീര്‍ത്ഥാടന ദേവാലയത്തിലും മാതൃവേദിയുടെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടനം നടക്കും.
മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. മാത്യു അഴകനാക്കുന്നേല്‍, ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍, സിസ്റ്റര്‍ റാണി എസ്.എച്ച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.