ജൂബിലി: വിശുദ്ധ വാതിലിലേക്ക് പ്രത്യേക പാതകളൊരുക്കി റോം മുനിസിപ്പാലിറ്റി

വത്തിക്കാന്‍: ഭിന്നശേഷിക്കാര്‍ക്കും ശാരീരികബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും, ഭാഷാപരവും ബുദ്ധിപരവുമായ പരിമിതികള്‍ ഉള്ളവര്‍ക്കും സാധാരണക്കാര്‍ക്കൊപ്പം വിശുദ്ധവാതിലിലേക്കുള്ള പ്രവേശനം എളുപ്പമാക്കി റോം മുനിസിപ്പാലിറ്റി.
പ്രത്യേക അടയാളങ്ങളുടെയും ഉപാധികളുടെയും സഹായത്തോടെ, മേല്‍പ്പറഞ്ഞ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആളുകള്‍ക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്കും, അവിടെനിന്ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ വിശുദ്ധ വാതിലിലേക്കും എത്തിച്ചേരാന്‍ സഹായിക്കുന്ന പുതിയ സംവിധാനം റോം മുനിസിപ്പാലിറ്റി ജൂലൈ ഒന്നാം തീയതി ചൊവ്വാഴ്ച രാവിലെ തുറന്നുനല്‍കി.
റോമില്‍ വത്തിക്കാനടുത്തുള്ള റിസോര്‍ജിമെന്തോ ചത്വരം, പിയ ചത്വരം സാന്ത് ഉഫീച്ച്യോ ചത്വരം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് എത്താന്‍ സഹായിക്കുന്ന വിവിധ ഭാഷകളിലുള്ള വഴികാട്ടികള്‍, ഓഡിയോ വീഡിയോ സന്ദേശങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനം തുടങ്ങി വിവിധ പദ്ധതികളാണ് നഗരം ഒരുക്കിയിരിക്കുന്നത്.
വിശ്രമകേന്ദ്രങ്ങള്‍, ടോയ്ലെറ്റ് സംവിധാനങ്ങള്‍, കുടിവെള്ള ജലധാരകള്‍, മറ്റ് പ്രത്യേക സഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൂടുതലായി ലഭ്യമാക്കുന്നതിനും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകള്‍ക്ക് പുറമെ, ആംഗ്യഭാഷയിലുള്ള അടയാളങ്ങളും ക്യുആര്‍ കോഡ് ഉപഗയോഗിച്ചുള്ള ആശയവിനിമയവും, കാഴ്ചക്കുറവ്, വര്‍ണ്ണാന്ധത തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കായി ബ്രെയ്ലി ഭാഷ, ദൃശ്യതീവ്രത കൂടിയ ചിത്രങ്ങള്‍, പ്രത്യേക അക്ഷരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മാപ്പുകളും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ പുതിയ സൗകര്യങ്ങളില്‍പ്പെടും.
വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്കുള്ള ഈ മൂന്ന് പാതകളില്‍, അഞ്ച് മീറ്റര്‍ ഇടവിട്ട് സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്ന പ്രത്യേകതരം കാല്‍പ്പാടുകളുടെ അടയാളവും സ്ഥാപിച്ചിട്ടുണ്ട്.
എല്ലാ സന്ദര്‍ശകര്‍ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കാനുള്ള' ഒരു പദ്ധതിയാണ് തങ്ങള്‍ ആരംഭിക്കുന്നതെന്ന് റോം മേയര്‍ റൊബേര്‍ത്തോ ഗ്വാല്‍ത്തിയേരി ഇതുമായി ബന്ധപ്പെട്ട് പ്രസ്താവിച്ചു.
ആഗോളമൂല്യങ്ങളുടെയും പ്രത്യാശയുടെ ജൂബിലിയുടെ ചൈതന്യത്തിന്റെയും ആശയങ്ങളോട് ചേര്‍ന്നുപോകുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാസഭയുടെ ജൂബിലി ആഘോഷത്തിനായി സൃഷ്ടിക്കപ്പെട്ട ഗവണ്മെന്റ്‌റിന്റെ പ്രത്യേക കമ്മീഷന്‍, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി, തലസ്ഥാന പൗരസംരക്ഷണകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ജൂബിലി തീര്‍ത്ഥാടകര്‍ക്കും വത്തിക്കാന്‍ സന്ദര്‍ശകര്‍ക്കും ഉപകാരപ്രദമാകുന്ന പുതിയ ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.