പ്രത്യാശയുടെ ജൂബിലി: വിശുദ്ധ വാതില്‍ കടന്നത് മൂന്നേകാല്‍ കോടിയിലധികം തീര്‍ത്ഥാടകരെന്ന് റിപ്പോര്‍ട്ട്
വത്തിക്കാന്‍:2025-ലെ പ്രത്യാശയുടെ ജൂബിലിയുമായി ബന്ധപ്പെട്ട് തുറന്ന വിശുദ്ധ വാതിലുകള്‍ അടയ്ക്കപ്പെടുമ്പോള്‍ ഇതിനോടകം ജൂബിലി കവാടം കടന്നത് മൂന്നേകാല്‍ കോടിയിലധികം തീര്‍ത്ഥാടകരെന്ന് ജൂബിലി വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച 'സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി'.
ജനുവരി 5-ന് നടന്ന ഒരു പ്രസ് കോണ്‍ഫറന്‍സില്‍ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് കൂടിയായ ആര്‍ച്ച്ബിഷപ് റീനോ ഫിസിക്കെല്ല, ജൂബിലി വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു.
ഇതനുസരിച്ച് 185 രാജ്യങ്ങളില്‍നിന്നായി ഏതാണ്ട് മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം ആളുകളാണ് റോമിലെ നാല് മേജര്‍ ബസലിക്കകളിലെ വിശുദ്ധ വാതിലുകള്‍ കടന്നത്.
ജനുവരി ആറാം തീയതി രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ വിശുദ്ധ വാതില്‍ അടയ്ക്കപ്പെട്ടതോടെ അവസാനിച്ച ഈ ജൂബിലി വര്‍ഷത്തില്‍, അയ്യായിരത്തോളം സന്നദ്ധസേവനപ്രവര്‍ത്തകരും, 'സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ ഓഫ് മാള്‍ട്ട' യുടെ രണ്ടായിരം ആളുകളും ഉള്‍പ്പെടെ 7.000-ത്തോളം ആളുകള്‍ വിവിധ മേഖലകളില്‍ സേവനം ചെയ്തുവെന്ന് പ്രെസ് കോണ്‍ഫറന്‍സില്‍ ആര്‍ച്ച്ബിഷപ് ഫിസിക്കെല്ല അറിയിച്ചു.
റോമിലെ 'റോമാ ത്രേ' യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പ്രകാരം, മൂന്ന് കോടി പത്തുലക്ഷത്തോളം ആളുകളെയാണ് ജൂബിലി വര്‍ഷത്തില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും, 'ലോകം മുഴുവന്‍' റോമിലേക്കെത്തിയെന്ന് ആര്‍ച്ച്ബിഷപ് ഫിസിക്കെല്ല പറഞ്ഞു.
തീര്‍ത്ഥാടകരില്‍ ഏതാണ്ട് 62 ശതമാനവും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരായിരുന്നുവെന്നും, രണ്ടാം സ്ഥാനത്ത്, മൊത്തം തീര്‍ത്ഥാടകരിലെ 17 ശതമാനത്തോളം വരുന്ന, വടക്കേ അമേരിക്കയില്‍നിന്നുള്ള ആളുകളായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രെസ് കോണ്‍ഫറന്‍സില്‍ സംബന്ധിച്ച റോം മേയര്‍ റൊബേര്‍ത്തോ ഗ്വല്‍ത്തിയേരി, റോമിലേക്കെത്തിയ തീര്‍ത്ഥാടകരുടെ വിശ്വാസവും സന്തോഷവും പ്രത്യാശയും റോമന്‍ ജനതയുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചുവെന്നും, അവര്‍ ഈ വിശ്വാസികളെ സ്വാഗതം ചെയ്യുന്നതില്‍ സഹകരിച്ചുവെന്നും അഭിപ്രായപ്പെട്ടു.
തോര്‍ വര്‍ഗാത്തയില്‍ ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യുവജനങ്ങളുടെ ജൂബിലി സംഗമം അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു
ജൂബിലിയുടെ ഭാഗമായി, ആരോഗ്യസേവനമേഖലയിലെയും സുരക്ഷാസേനയിലെയും ആളുകള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിച്ച റോം നഗരമുള്‍ക്കൊള്ളുന്ന ലാത്സിയോ പ്രദേശത്തിന്റെ പ്രെസിഡന്റ് ഫ്രാഞ്ചേസ്‌കോ റോക്ക, കഴിഞ്ഞ വര്‍ഷത്തില്‍ അത്യാഹിതവിഭാഗം ഏതാണ്ട് അഞ്ചുലക്ഷത്തി എണ്‍പതിനായിരം പേര്‍ക്ക് ശുശ്രൂഷകള്‍ നല്‍കിയെന്നും, ഏതാണ്ട് ഒരുകോടി അറുപത് ലക്ഷം ആളുകള്‍ അത്യാഹിതവിഭാഗത്തിലെത്തിയെന്നും അറിയിച്ചു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെപ്പേര്‍ ചികിത്സാഹായം തേടിയെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.