മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ആധികാരികത ഉറപ്പാക്കുക, വായനക്കാരെയും ജീവനക്കാരെയും മാനിക്കുക: ലിയോ പാപ്പാ
പത്രമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ ആധികാരികത കാത്തുസൂക്ഷിക്കണമെന്നും, പത്രപ്രവര്‍ത്തനമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയും പത്രം വായനക്കാരെയും മാനിക്കുന്ന രീതിയിലുള്ള നയം സ്വീകരിക്കണമെന്നും ലിയോ പതിനാലാമന്‍ പാപ്പാ.
ഒന്നര നൂറ്റാണ്ട് മുന്‍പ്, 1876-ല്‍ മിലാനില്‍ ആരംഭിച്ച 'കൊറിയേരെ ദെല്ല സേര' എന്ന പത്രത്തിന്റെ നൂറ്റിയന്‍പതാം സ്ഥാപനവാര്‍ഷികവുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ക്കയച്ച ഒരു ആശംസാസന്ദേശത്തിലാണ്, പത്രപ്രവര്‍ത്തനമുള്‍പ്പെടെ മുഴുവന്‍ മാധ്യമമേഖലകളിലും ഉണ്ടാകേണ്ട മൂല്യങ്ങളിലേക്ക് ലിയോ പതിനാലാമന്‍ പാപ്പാ വിരല്‍ ചൂണ്ടിയത്.
അച്ചടിച്ച പേജുകളിലൂടെ വാര്‍ത്തകള്‍ മാത്രമല്ല, മറിച്ച്, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കുള്ള ആശയങ്ങളും സംസ്‌കാരവും കൂടിയാണ് കഴിഞ്ഞ നാളുകളില്‍ ഈ പത്രം നല്‍കിയതെന്ന് പത്രാധിപര്‍ ലൂച്യാനോ ഫൊന്താനയ്ക്കയച്ച തന്റെ കത്തില്‍ പാപ്പാ എഴുതി.
കഴിഞ്ഞ നൂറ്റമ്പത് വര്‍ഷങ്ങളുടെ ചരിത്രമാണ് തങ്ങളുടെ അനുദിനപ്രസിദ്ധീകരണത്തിലൂടെ വായനക്കാരിലേക്കെത്തിക്കാന്‍ ഈ മാധ്യമത്തിനായതെന്ന് പാപ്പാ അനുസ്മരിച്ചു.
രണ്ട് ലോകമഹായുദ്ധങ്ങള്‍, ഫാസിസത്തിന്റെ ഉയര്‍ച്ചയും തകര്‍ച്ചയും, രാജവാഴ്ചയില്‍ നിന്ന് റിപ്പബ്ലിക്കിലേക്കുള്ള മാറ്റം, ആഭ്യന്തരവും അന്തര്‍ദേശീയവുമായ ഭീകരത, ബെര്‍ലിന്‍ മതിലിന്റെ പതനം, ഇന്നത്തെ ദുഷ്‌കരമായ സാമ്പത്തിക സ്ഥിതി തുടങ്ങി, ചരിത്രത്തിന്റെ പ്രധാനപ്പെട്ട പല നിമിഷങ്ങളും യാഥാര്‍ത്ഥ്യങ്ങളും വായനക്കാരിലേക്കെത്തിക്കാന്‍ ഈ പത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പരിശുദ്ധ പിതാവ് തന്റെ കത്തില്‍ വിശദീകരിച്ചു.
നമ്മുടെ ഈ യുഗം നേരിടുന്ന സാങ്കേതിക വിപ്ലവം, കാലത്തിനൊത്തുയരാന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് ആവശ്യപ്പെടുന്നുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ചയും, അതുയര്‍ത്തുന്ന ചോദ്യങ്ങളും തന്റെ കത്തില്‍ പരാമര്‍ശിച്ച പാപ്പാ, തങ്ങളുടെ ആധികാരികത നഷ്ടപ്പെടുത്തരുതെന്നും, തങ്ങളുടെ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ സംബന്ധിച്ച സുതാര്യത ഉറപ്പാക്കണമെന്നും, പത്രപ്രവര്‍ത്തനരംഗം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി അദ്ധ്വാനിക്കുന്നവരുടെ പ്രാധാന്യം ശ്രദ്ധിക്കണമെന്നും, വായനക്കാരുടെ അന്തസ്സ് മാനിക്കണമെന്നും ആവശ്യപ്പെട്ടു.
ഇറ്റലിയുടെ ചരിത്രവുമായി ഇടകലര്‍ന്നുള്ള 'കൊറിയേരെ ദെല്ല സേര'യുടെ ചരിത്രം അനുസ്മരിച്ച പാപ്പാ, നിങ്ങളുടെ വേരുകളും ഭാവിയും ഒരുമിച്ച് പടുത്തുയര്‍ത്തണമെന്നും, സുദീര്‍ഘവും പ്രധാനപ്പെട്ടതുമായ നിങ്ങളുടെ ഉത്തരവാദിത്വം പരിഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ഉദ്ബോധിപ്പിച്ചു.