മാധ്യമപ്രവര്‍ത്തകരുടെ ക്രിസ്തുമസ് സംഗമം മൗണ്ട് സെന്റ് തോമസില്‍ നടന്നു
കൊച്ചി: സീറോമലബാര്‍സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മാധ്യമപ്രവര്‍ത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തില്‍ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.
ക്രിസ്തുമസ് സന്ദേശം നല്‍കിക്കൊണ്ട് സംസാരിച്ച സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ആധുനിക ലോകത്തോട് സഭ സംവദിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഉള്ള നിര്‍ണായക പങ്ക് ഊന്നിപ്പറഞ്ഞു. ക്രിസ്തുമസ് ദൈവം മനുഷ്യനോട് സംസാരിക്കുന്ന മഹാസന്ദര്‍ഭമാണ്. ആ സന്ദേശം മനുഷ്യരിലേക്കെത്തിച്ചത് ദൈവം നേരിട്ടായിരുന്നില്ല മറിച്ച് തന്റെ സന്ദേശവാഹകരിലൂടെയായിരുന്നു. ബേത്‌ലഹേമിന്റെ രാത്രിയില്‍ ദൂതന്മാരും, കാവലിരുന്ന ഇടയന്മാരും, ദൂരെ നിന്ന് നക്ഷത്രത്തിന്റെ പ്രകാശം പിന്തുടര്‍ന്ന ജ്ഞാനികളും ഇവരൊക്കെയും ദൈവസന്ദേശത്തിന്റെ വഹകരായി മാറി. ഈ അര്‍ത്ഥത്തില്‍, അവര്‍ ആദ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ ആയിരുന്നു. ഇന്ന്, ഈ ദൈവിക സന്ദേശവാഹകരുടെ പാരമ്പര്യം തുടരുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. സഭയും ലോകവും തമ്മിലുള്ള പാലമായി, കാലത്തിന്റെ അടയാളങ്ങള്‍ വായിച്ച് സത്യം ഉത്തരവാദിത്തത്തോടെ സമൂഹത്തിലേക്കെത്തിക്കുന്നതാണ് മാധ്യമങ്ങളുടെ ദൗത്യം. ക്രിസ്തുമസിന്റെ സന്ദേശംപോലെ തന്നെ, മാധ്യമപ്രവര്‍ത്തനവും പ്രകാശം പകരുന്നതായിരിക്കണം, ഇരുട്ടിലായിരിക്കുന്ന മനസ്സുകളിലേക്കും സമൂഹത്തിന്റെ അതിരുകളിലേക്കും സത്യത്തിന്റെ വെളിച്ചം എത്തിക്കുന്നതായിരിക്കണം അത് മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ രക്ഷാകര സന്ദേശം സന്ദേശവാഹകരിലൂടെ ലോകത്തെത്തിയതുപോലെ, ഇന്നത്തെ കാലത്ത് മനുഷ്യന്റെ വേദനകളും പ്രത്യാശകളും ലോകത്തിന്റെ മനസ്സാക്ഷിയിലേക്കെത്തിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. സത്യം, നീതി, സമാധാനം എന്നിവയുടെ സേവകരാകുമ്പോള്‍, മാധ്യമപ്രവര്‍ത്തകര്‍ ക്രിസ്തുമസ് ദൗത്യത്തിന്റെ തുടര്‍ച്ചക്കാരായി മാറുന്നു മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമ പ്രവര്‍ത്തകരെ പ്രതിനിധീകരിച്ചു എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ സംസാരിച്ചു. സീറോമലബര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ സ്വാഗതവും, സീറോമലബാര്‍ സഭ പി. ആര്‍. ഓ., ഫാ. ടോം ഓലിക്കരോട്ട് നന്ദിയും പ്രകാശിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ക്രിസ്തുമസ് കാരോള്‍ ഗാനങ്ങള്‍ ആലപിക്കപ്പെട്ടു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും സഭാനേതൃത്വവും തമ്മിലുള്ള സൗഹൃദസംഭാഷണവും സ്‌നേഹവിരുന്നും നടന്നു. മാധ്യമലോകവും സഭയും തമ്മിലുള്ള ബന്ധം കൂടുതല്‍ സുസ്ഥിരവും സൃഷ്ടിപരവുമായതായി വളര്‍ത്തുന്നതിന് സഹായകമായ ഒരു അര്‍ത്ഥവത്തായ ക്രിസ്തുമസ് സംഗമമായിരുന്നു സഭാ ആസ്ഥാനത്തു നടന്നത്.