ലയണല്‍ മെസ്സിക്ക് വെഞ്ചിരിച്ച ജപമാല സമ്മാനിച്ച് മാധ്യമപ്രവര്‍ത്തകന്‍; ആലിംഗനത്തിലൂടെ നന്ദി പ്രകടിപ്പിച്ച് താരം
മിയാമി: 2026 ഫിഫ ലോകകപ്പില്‍ ഐതിഹാസിക പോരാട്ടം തുടരുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ജപമാല സമ്മാനിച്ച് മാധ്യമ പ്രവര്‍ത്തകന്‍.
കേപ് വെര്‍ഡെയ്ക്കെതിരെ അര്‍ജന്റീനയുടെ നാടകീയമായ വിജയത്തിന് ശേഷം വഴിയരികില്‍ നിന്ന അര്‍ജന്റീനിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജൂലിയന്‍ പെരെസ് റെജിയോയാണ് മെസ്സിക്ക് വത്തിക്കാനില്‍ നിന്നുള്ള വെഞ്ചിരിച്ച ജപമാല സമ്മാനിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അര്‍ജന്റീനയ്ക്കു താരം നല്‍കുന്ന സന്തോഷത്തിനുള്ള നന്ദിസൂചകമായും അദ്ദേഹത്തിന്റെ സംരക്ഷണത്തിനായുള്ള സമ്മാനമെന്ന നിലയിലുമാണ് ജപമാല മെസ്സിക്ക് സമ്മാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
മെസ്സിക്കും ഭാര്യ അന്റോനെല്ല റോക്കുസോയ്ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുഴുവന്‍ വേണ്ടിയുള്ളതാണ് ഈ ജപമാലയെന്നു ജൂലിയന്‍ പെരെസ് പറഞ്ഞു.
ലാളിത്യത്തോടും ജൂലിയന്റെ വാക്കുകള്‍ കേട്ട മെസ്സി ജപമാല സ്വീകരിക്കുകയും സമ്മാനിച്ച മാധ്യമ പ്രവര്‍ത്തകനെ ആലിംഗനം ചെയ്യുകയും ചെയ്തു.
മറ്റൊരാള്‍ വീഡിയോയില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയായിരിന്നു.
ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. വിശ്വാസത്തിന്റെയും നന്ദിയുടെയും ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ എന്നാണ് പലരും ദൃശ്യങ്ങളെ വിശേഷിപ്പിച്ചത്.
നേരത്തെ ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ ഹാട്രിക്ക് സ്വന്തമാക്കിയ ലയണല്‍ മെസ്സി ഗോള്‍ നേട്ടത്തിന് പിന്നാലെ കുരിശ് വരച്ചു ഇരുകൈകളും ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായിരിന്നു.