മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ വാഹനമിടിച്ച സംഭവം: വാഹനഭാഗവും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ബഷീര്‍ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും, ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. കേസിലെ പന്ത്രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ സജീറാണ് തിരിച്ചറിഞ്ഞത്.
അപകടം നടന്ന ശേഷമാണ് താന്‍ സംഭവസ്ഥലത്തെത്തിയതെന്നും അതിനാല്‍ വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം സംഭവിച്ചത് എങ്ങനെയെന്നോ കണ്ടിട്ടില്ലെന്നും സാക്ഷി കോടതിയെ അറിയിച്ചു.
കേസില്‍ ഇതുവരെ വിസ്തരിച്ചത് 12 സാക്ഷികളെയാണ്. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് കോടതിയില്‍ നിര്‍ണായക മൊഴി നല്‍കിയിരുന്നു.
തിരുവനന്തപുരം നാലാം അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് പത്താം സാക്ഷിയായ അനീഷ് രാജ് മൊഴി നല്‍കിയത്.
പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഡോ. അനീഷ് രാജിന്റെ മൊഴിയില്‍ പറയുന്നു. കവടിയാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചിരുന്ന രക്തം പുരണ്ട ടി-ഷര്‍ട്ടും ജീന്‍സും പിന്നീട് പൊലീസിന് എടുത്തുനല്‍കിയത് ശ്രീറാമിന്റെ ഐ.എ.എസ് അക്കാഡമിയിലെ സഹപാഠിയായിരുന്ന അമരീന്ദ്ര സിങ്ങാണ്. പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങ്ങും കോടതിയില്‍ എത്തി മൊഴി നല്‍കി.
പൊലീസിന് നല്‍കിയ അതേ വസ്ത്രങ്ങള്‍ തന്നെയാണോ ഇപ്പോള്‍ കോടതിയില്‍ ഉള്ളത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായി ഓര്‍മയില്ല എന്നാണ് ഇരുസാക്ഷികളും മറുപടി നല്‍കിയത്.
കേസിലെ പ്രതിയായ ശ്രീറാം വെങ്കട്ടരാമന്‍ ഐ എ എസിനെതിരെയുള്ള നിര്‍ണായകമൊഴിയാണ് രണ്ടും.കേസിന്റെ വിചാരണ തുടരുകയാണ്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ. എം. ബഷീര്‍ കൊല്ലപ്പെടുന്നത്.