സുതാര്യതയോടും സത്യസന്ധതയോടും കൂടെയുള്ള മാധ്യമപ്രവര്‍ത്തനം പൊതുനന്മയും ഐക്യവും വളര്‍ത്തുന്നു: ലിയോ പാപ്പാ
അഭിപ്രായങ്ങളിലെ ഭിന്നതകളും വ്യത്യസ്തതകളും നിലനില്‍ക്കുമ്പോഴും സത്യസന്ധയോടെയും സുതാര്യതയോടെയും നടത്തുന്ന മാധ്യമപ്രവര്‍ത്തനം സമൂഹത്തിന്റെ പൊതുനന്മയ്ക്കും മാനവികതയുടെ ഐക്യത്തിനും സഹായകരമാകുമെന്ന് ലിയോ പതിനാലാമന്‍ പാപ്പാ.
ഇറ്റലിയിലെ 'ല റെപുബ്ലിക്ക' എന്ന പത്രത്തിന്റെ അന്‍പതാം സ്ഥാപനവര്‍ഷികവുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ മാരിയോ ഒര്‍ഫേയോയ്ക്ക് ജനുവരി 14-ന് അയച്ച ഒരു സന്ദേശത്തിലാണ് മാധ്യമമേഖലയിലുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ സൂചിപ്പിച്ചത്.
വിവിധ അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളും സംസ്‌കാരങ്ങളും നിലനില്‍ക്കുമ്പോള്‍ത്തന്നെ സുതാര്യതയോടും സത്യസന്ധതയോടും കൂടി, കാര്യങ്ങള്‍ അറിയാനുള്ള സാധ്യത നല്‍കുന്നതാണ് പത്രസ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തന്നെയെന്ന് പാപ്പാ എഴുതി.
ഇത്തരം പ്രവര്‍ത്തനം 'ശത്രുതാമനോഭാവം' ഇല്ലാത്തതാണെങ്കില്‍ അത് പൊതുനന്മയ്ക്കും മാനവികതയുടെ ഐക്യത്തിനും സഹായകരമാകുമെന്ന് പാപ്പാ വ്യക്തമാക്കി.
വിവിധ നഗരങ്ങളില്‍ വേരോട്ടമുള്ള ല റെപുബ്ലിക്കയുടെ പ്രധാന ഓഫീസ്, താന്‍ അദ്ധ്യക്ഷനായിരിക്കുന്ന രൂപത കൂടിയായ റോമിലാണ് എന്ന കാര്യം പരാമര്‍ശിച്ച പാപ്പാ, ഇത് ഇറ്റലിയിലെയും ലോകത്തിലെയും സംഭവങ്ങളെക്കുറിച്ച് സവിശേഷമായ രീതിയില്‍ നോക്കിക്കാണാന്‍ സഹായകരമാണെന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അന്‍പതു വര്‍ഷങ്ങളുടെ ചരിത്രത്താളുകള്‍ സ്വാതന്ത്ര്യത്തോടെ വായിക്കാന്‍ നിങ്ങള്‍ക്കായെന്നും, സഭയുടെ ചരിത്രമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ വര്‍ഷങ്ങളില്‍ നിങ്ങള്‍ നിങ്ങളുടെ വായനക്കാരിലേക്കെത്തിച്ചുവെന്നും പാപ്പാ എഴുതി.
സത്യാന്വേഷണത്താല്‍ നയിക്കപ്പെടുന്നതും, മുന്‍വിധികളില്ലാത്തതും സ്വതന്ത്രവും സംവാദകാത്മകവുമായ വാര്‍ത്താവിനിമയശൈലി വളര്‍ത്തിയെടുക്കാന്‍ ല റെപുബ്ലിക്കയെ പാപ്പാ ആഹ്വാനം ചെയ്തു.
1996 വരെ പത്രാധിപരായിരുന്ന എവ്‌ജേനിയോ സ്‌കല്‍ഫാരി സ്ഥാപിച്ച ല റെപുബ്ലിക്കയുടെ പ്രഥമ പകര്‍പ്പ് 1976 ജനുവരി 14-നായിരുന്നു പറത്തിറങ്ങിയത്.