കമ്മ്യൂണിസ്റ്റ് എതിരാളിയെ പരാജയപ്പെടുത്തി ക്രിസ്തീയത മുറുകെ പിടിക്കുന്ന ജോസ് കാസ്റ്റ് ചിലിയുടെ പുതിയ പ്രസിഡന്റ്
സാന്റിയാഗോ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ അട്ടിമറിച്ച് ക്രിസ്തീയതയ്ക്കു പ്രാധാന്യം നല്‍കുന്ന ജോസ് അന്റോണിയോ കാസ്റ്റ് ചിലിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 14ന് നടന്ന രണ്ടാം തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജീനറ്റ് ജാരയെ പരാജയപ്പെടുത്തിയാണ് ചിലിയിലെ യാഥാസ്ഥിതിക നേതാവ് ജോസ് അന്റോണിയോ കാസ്റ്റിനെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്കിന്റെ പിന്‍ഗാമിയായി നിയുക്ത പ്രസിഡന്റ് 2026 മാര്‍ച്ച് 11ന് അധികാരമേല്‍ക്കും.
ദൈവം ഇല്ലായിരുന്നെങ്കില്‍ ഒന്നും സാധ്യമാകുമായിരുന്നില്ലായെന്നും പുതിയ ഉത്തരവാദിത്വത്തെ എപ്പോഴും നേരിടാന്‍ ജ്ഞാനം, ആത്മനിയന്ത്രണം, ശക്തി എന്നിവ നല്‍കണമെന്ന് കര്‍ത്താവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോസ് അന്റോണിയോ പറഞ്ഞു. ചിലിയന്‍ മെത്രാന്‍ സമിതി നിയുക്ത പ്രസിഡന്റിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. രാഷ്ട്രത്തിന്റെ പൊതുനന്മയ്ക്കുള്ള ആഴമായ പ്രതിബദ്ധത ആവശ്യമുള്ള സമയത്താണ് ചിലി ഉത്തരവാദിത്വം കാസ്റ്റിനെ ഏല്‍പ്പിക്കുന്നതെന്നും നല്ല ഭരണം കാഴ്ചവെയ്ക്കുവാന്‍ പ്രാര്‍ത്ഥനകള്‍ നേരുന്നതായും ബിഷപ്പുമാര്‍ പറഞ്ഞു.
അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ ജോസ് അന്റോണിയോ ജര്‍മ്മനിയില്‍ സ്ഥാപിക്കപ്പെട്ട ആഗോള കത്തോലിക്കാ നവീകരണ പ്രസ്ഥാനമായ ഷോണ്‍സ്റ്റാറ്റ് അപ്പസ്‌തോലിക് കൂട്ടായ്മയിലെ അംഗം കൂടിയാണ്. 1991-ല്‍ മരിയ പിയ അഡ്രിയസോള ബറോയില്‍ഹെറ്റിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് 9 കുട്ടികളുണ്ട്. ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന ജോസ് അന്റോണിയോ കത്തോലിക്ക സഭയുടെ പ്രബോധനമനുസരിച്ച് ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവന്റെ സംരക്ഷണത്തിന് പിന്തുണ നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിന്നു.