ഉറ്റവരില്ലാത്ത കുഞ്ഞുങ്ങളെ സ്‌നേഹത്തിന്റെ തണലില്‍ വളര്‍ത്തുന്ന യൗസേപ്പിന്റെ പുത്രികള്‍
കോട്ടയം: ജന്മം നല്‍കിയവരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, മാതാപിതാക്കള്‍ മരിച്ചതു മൂലം അനാഥരായവര്‍, അംഗപരിമിതികളുടെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍, ഉറ്റവരില്ലാതെ തെരുവോരത്ത് തിരസ്‌കൃതരായവര്‍ തുടങ്ങീ ഉറ്റവരില്ലാത്ത കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചുള്ള ഡോട്ടേഴ്സ് ഓഫ് സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിന്റെ ശുശ്രൂഷ ആരംഭിച്ചിട്ട് മൂന്നു പതിറ്റാണ്ടോളമാകുന്നു.
തോട്ടയ്ക്കാട് ഇന്‍ഫന്റ് ജീസസ് ശിശുഭവനാണ് അനേകം അനാഥ ബാല്യങ്ങള്‍ക്കു തുണയാകുന്നത്. ജനിച്ചുവീണ കുട്ടി മുതല്‍ ആറു വയസുവരെയുള്ള 31 പേരാണ് ഇപ്പോള്‍ ശിശുഭവനിലുള്ളത്.
ഒറ്റപ്പെട്ടുപോയ കുരുന്നുകളുടെ കണ്ണീര്‍ ഒപ്പി, സ്വന്തം നെഞ്ചിലെ ചൂടുപകര്‍ന്ന് അവര്‍ക്ക് അമ്മയാകുന്ന പരിധിയില്ലാത്ത സ്‌നേഹത്തിന്റെ ശുശ്രൂഷയാണ് സന്യാസിനീസമൂഹത്തിലെ സിസ്റ്റര്‍ സോളി, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ സിനി, സിസ്റ്റര്‍ ടെസ്, സിസ്റ്റര്‍ ബിയാട്രിസ് എന്നിവര്‍ ഇവിടെ നിര്‍വ്വഹിക്കുന്നത്. ഇവിടെയുള്ള എല്ലാ കുഞ്ഞുങ്ങളുടെയും അച്ഛനും അമ്മയുമെല്ലാം ഈ സന്യാസിനികളാണ്.
1998ല്‍ രാജമറ്റം മഠത്തിലെ ഒരു കുഞ്ഞുമുറിയില്‍ മൂന്നു കുരുന്നുകളുമായിട്ടായിരുന്നു ഇന്‍ഫന്റ് ജീസസ് ഭവന്റെ തുടക്കം.
ഇന്നു നാനൂറിലധികം കുരുന്നുകള്‍ ഈ ശിശുഭവന്‍ വഴി പുതു ജീവിതത്തിലേക്കു പ്രവേശിച്ചിട്ടുണ്ട്. 2000ല്‍ നിയമപരമായ ദത്തെടുക്കലിനുള്ള സ്ഥാപനമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം ശിശുഭവനു ലഭിച്ചു. ഇതുവരെ ഇരുനൂറിലധികം കുഞ്ഞുങ്ങളെ ഇവിടെനിന്നു കുടുംബങ്ങള്‍ ദത്തെടുത്തിട്ടുണ്ട്.
ഇന്ത്യയില്‍ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ഇവിടത്തെ കുഞ്ഞുങ്ങള്‍ പുതുജീവിത ചക്രവാളങ്ങളിലെത്തി. കുഞ്ഞു കുട്ടികള്‍ക്ക് ഉറങ്ങാന്‍ തൊട്ടില്‍, ഫോര്‍മുല മില്‍ക്ക്, പോഷകാഹാരം തുടങ്ങിയവ ഉറപ്പാ ക്കുന്നു.
ആരോഗ്യ പ്രശ്നങ്ങളുള്ള കുരുന്നുകള്‍ക്ക് വിദഗ്ധ ചികിത്സയും 24 മണിക്കൂറും പരിചരണവും നല്കുന്നു. കോട്ടയം ജില്ലയില്‍ ദത്തെടുക്കല്‍ പ്രക്രിയ ഔദ്യോഗികമായി നടത്തുന്ന ഏക സ്ഥാപനവും ഇന്‍ഫന്റ് ജീസസ് ശിശുഭവനാണ്.