ചൈനയിലെ ചിഫെംഗ് രൂപതയുടെ പുതിയ മെത്രാനായി ജോസഫ് ചാങ് യാൻഫെങ് അഭിഷിക്തനായി
ചൈനയിലെ ചിഫെംഗ് രൂപതയുടെ പുതിയ മെത്രാനായി ജോസഫ് ചാങ് യാൻഫെങ് അഭിഷിക്തനായി. ജോസഫ് ചാങ് യാൻഫെങ്ങിന്റെ മെത്രാഭിഷേക ചടങ്ങ് ജൂലൈ 22 ബുധനാഴ്ച ചൈനയിൽ വച്ച് നടന്നു. പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ അടിസ്ഥാനത്തിൽ നാമനിർദേശം അംഗീകരിച്ചുകൊണ്ട്, ഇന്നർ മംഗോളിയ പ്രവിശ്യയിലെ ചിഫെംഗ് രൂപതയുടെ മെത്രാനായി ജൂൺ 15-നാണ് പോപ്പ് ലെയോ പതിനാലാമൻ അദ്ദേഹത്തെ നിയമിച്ചത്.
1984 ഏപ്രിൽ 4-ന് ലിയോണിംഗ് പ്രവിശ്യയിലെ ബെയ്‌ഷെനിലാണ് ബിഷപ്പ് ചാങ് യാൻഫെങ് ജനിച്ചത്. ഷെൻയാങ് മേജർ സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ദക്ഷിണ കൊറിയയിലെ ദാജിയോൺ കാത്തോലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബ്ലിക്കൽ തിയോളജിയിൽ ബിരുദം നേടി. 2010 നവംബർ 18-നാണ് ചിഫെംഗ് രൂപതയ്ക്കായി അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്.
2010 മുതൽ 2013 വരെയുള്ള കാലയളവിൽ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്നതോടൊപ്പം തന്നെ രൂപതാ കൂരിയയിലും അദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് ചിഫെംഗ് കത്തീഡ്രലിലെയും പിന്നീട് ലിൻഡോംഗിലെയും ഇടവക വികാരിയായി നിയമിക്കപ്പെട്ടു. 2021 ഒക്ടോബർ 15 മുതൽ ചിഫെംഗ് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.