യേശുക്രിസ്തുവിന്റെ മാമോദീസയുടെ രണ്ടായിരാമാണ്ട് ആഘോഷത്തിനൊരുങ്ങി ജോര്‍ദാന്‍
യേശുക്രിസ്തുവിന്റെ മാമോദീസയുടെ രണ്ടായിരാമാണ്ട് വാര്‍ഷികത്തിന് മുന്നോടിയായിട്ടുള്ള തയ്യാറെടുപ്പുകള്‍ക്കായി ജോര്‍ദാനിലെ സിവില്‍-മതനേതാക്കള്‍ ഒന്നിക്കുന്നു.
സ്‌നാപകയോഹന്നാനില്‍ നിന്ന് യേശുക്രിസ്തു മാമോദീസ സ്വീകരിച്ചതിന്റെ 2,000 വര്‍ഷങ്ങള്‍ 2030 ല്‍ തികയുകയാണ്. നിലവില്‍ ജോര്‍ദാനിലെ 'അല്‍-മഗ്താസ്' എന്ന സ്ഥലത്തുവച്ചാണ് ഈശോയുടെ മാമോദീസ നടന്നതെന്നാണ് കരുതപ്പെടുന്നത്.
ഓഗസ്റ്റ് 10 തിങ്കളാഴ്ച, യേശുക്രിസ്തുവിന്റെ മാമോദീസയുടെ രണ്ടാം സഹസ്രാബ്ദം ആഘോഷത്തിനായുള്ള ദേശീയ സമിതിയുടെ ആദ്യ യോഗത്തിന് ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു.
മന്ത്രിമാര്‍, മത-സാമൂഹികനേതാക്കള്‍, പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് ഈ സമിതി. ചരിത്രപരമായ ഈ ചടങ്ങിന്റെ തയ്യാറെടുപ്പുകള്‍ക്കും മേല്‍നോട്ടത്തിനുമുള്ള പ്രധാന ദേശീയകേന്ദ്രമായി ഈ സമിതി പ്രവര്‍ത്തിക്കും.
അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടും ജോര്‍ദാനിലെ കൗണ്‍സില്‍ ഓഫ് ചര്‍ച്ച് ലീഡേഴ്‌സ് മുന്നോട്ടുവച്ച ആശയത്തെ പിന്തുണച്ചുകൊണ്ടും തയ്യാറെടുപ്പുകള്‍ ഉടനടി ആരംഭിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഹസ്സന്‍ യോഗത്തില്‍ ഊന്നിപ്പറഞ്ഞു.
യേശുക്രിസ്തുവിന്റെ മാമോദീസയുടെ രണ്ടാം സഹസ്രാബ്ദം ആചരിക്കുന്നത് ജോര്‍ദാന്റെ ചരിത്രപരവും മതപരവുമായ പ്രാധാന്യത്തെയും ക്രിസ്തീയ തീര്‍ഥാടനത്തിനായുള്ള ആഗോള കേന്ദ്രമെന്ന നിലയിലുള്ള അതിന്റെ പങ്കിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം, സമാധാനം, സ്‌നേഹം, മാനവിക സാഹോദര്യം എന്നിവയുടെ സന്ദേശവും ഇത് ഉയര്‍ത്തിക്കാട്ടുന്നു.
ജോര്‍ദാനെ ഒരു മതപാരമ്പര്യ ഭൂമിയായും ക്രിസ്ത്യന്‍ തീര്‍ഥാടകരുടെ ആഗോള കേന്ദ്രമായും ശക്തിപ്പെടുത്താനുള്ള അവസരമാണിതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഈ അവസരത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ ലഭ്യമായ എല്ലാ വിഭവങ്ങളും ഏകോപിപ്പിക്കുകയാണെന്നും വ്യക്തമാക്കി.
മാമോദീസ സ്ഥലത്തിന് സമീപമുള്ള സ്ഥലങ്ങളുടെ വികസനത്തിനായുള്ള, ഫൗണ്ടേഷന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ അവലോകനവും യോഗത്തില്‍ നടന്നു.
ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി സംയോജിത ഗ്രാമം , യേശുക്രിസ്തുവിന്റെ മാമോദീസയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന മ്യൂസിയം, ഹരിത ഇടനാഴി (ഏൃലലി ഇീൃൃശറീൃ), പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ചടങ്ങിന്റെ പ്രാധാന്യത്തിന് അനുയോജ്യമായ രീതിയില്‍, വിദഗ്ധരുടെയും വിദഗ്ധ സ്ഥാപനങ്ങളുടെയും പിന്തുണയോടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രത്യേക ഉപസമിതികള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.
2030-ലെ ആഘോഷങ്ങള്‍ക്കായുള്ള ഈ ദേശീയ സമിതിയുടെ അധ്യക്ഷന്‍ ജോര്‍ദാന്‍ പ്രധാനമന്ത്രിയാണ്. ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍, ആഭ്യന്തരം, ഡിജിറ്റല്‍ എക്കണോമി ആന്റ് എന്റര്‍പ്രണര്‍ഷിപ്പ്, ടൂറിസം ആന്റ് ആന്റിക്വിറ്റീസ് എന്നീ വകുപ്പുകളുടെ മന്ത്രിമാര്‍ സമിതിയില്‍ അംഗങ്ങളാണ്.
ഇവര്‍ക്ക് പുറമെ ജോര്‍ദാനിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ആര്‍ച്ച്ബിഷപ്പ് ക്രിസ്റ്റോഫോറോസ് അതല്ല, ലത്തീന്‍ പാത്രിയാര്‍ക്കല്‍ വികാരി ആര്‍ച്ച്ബിഷപ്പ് ഡോ. ഇയാദ് ത്വല്‍, ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പ് ഹൊസാം നൗം, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിന്റെ മുന്‍ ബിഷപ്പ് മുനീബ് യൂനാന്‍, ബാപ്റ്റിസം സൈറ്റ് ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്സണ്‍, ബാപ്റ്റിസം സൈറ്റ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍, ജോര്‍ദാന്‍ ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ജനറല്‍, നദീം അല്‍-മവാഷര്‍, ഒസാമ ഇംസീഹ്, ബസെം ഫറജ് എന്നിവരും ഈ സമിതിയിലെ അംഗങ്ങളാണ്.