ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണം തിരിച്ചെടുത്ത് വില്ക്കാന് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയില്‍ നിന്ന് പണം തട്ടിയെടുത്ത കേസ്: ബൈസണ്‍വാലി സ്വദേശിയെ ഗോവയില്‍ പിടികൂടി
കേളകം: ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കണമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് നാലുലക്ഷം രൂപ തട്ടിയെടുക്കുകയും പകരം മുക്കുപണ്ടം നൽകി മുങ്ങുകയും ചെയ്ത കേസിൽ ഇടുക്കി ബൈസൺ വാലി സ്വദേശി ബോബി ഫിലിപ്പിനെ കേളകം പൊലീസ് ഗോവയിൽ വെച്ച് കസ്റ്റഡിയിലെടുത്തു. കേളകത്തെ ജ്വല്ലറി ഉടമ വെളിയത്ത് വിജയകുമാറാണ് തട്ടിപ്പിനിരയായത്.
ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. കേളകം ഗ്രാമീൺ ബാങ്കിൽ മൂന്നര ലക്ഷം രൂപക്ക് പണയം വെച്ചിട്ടുള്ള അഞ്ചു പവന്റെ മാല തിരിച്ചെടുക്കാൻ സഹായിച്ചാൽ അത് ജ്വല്ലറിക്ക് തന്നെ വിൽക്കാമെന്ന് ബോബി ജ്വല്ലറി ഉടമയെ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് ബാങ്കിന് പുറത്തുവെച്ച് നാലു ലക്ഷം രൂപ കൈപ്പറ്റിയ പ്രതി, ബാങ്കിൽ നിന്ന് തിരിച്ചെടുത്തതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിജയകുമാറിന് മുക്കുപണ്ടം നൽകി പണവുമായി കടന്നുകളയുകയായിരുന്നു. പ്രതിയായ ബോബി ഫിലിപ്പിന് കോതമംഗലത്ത് മാത്രം സമാനമായ ഏഴ് കേസുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 42 കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂത്ത്പറമ്പ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.