യേശു മര്‍ത്തായെ ശാസിച്ചത് യഥാര്‍ത്ഥ ആനന്ദം നഷ്ടപ്പെടുത്തിയതുകൊണ്ട്: ലിയോ 14 ാമന്‍ പാപ്പ

 
LEO

റോം:  യേശുവിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തുന്ന തയാറെടുപ്പുകളുടെ തിരക്കില്‍, യേശുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദം മര്‍ത്താ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് മര്‍ത്തായെ യേശു ശാസിച്ചതെന്ന് ലിയോ 14 ാമന്‍ പാപ്പ.

 മര്‍ത്തായെപ്പോലെ മികച്ച ഭാഗം തിരഞ്ഞെടുക്കുന്നതില്‍ ചിലപ്പോള്‍ നമ്മളും പരാജയപ്പെട്ടേക്കാമെന്നും മറ്റുള്ളവരെ എങ്ങനെയാണ് സ്വാഗതം ചെയ്യേണ്ടതെന്നും എങ്ങനെ  മറ്റുള്ളവരുടെ സ്വാഗതം സ്വീകരിക്കാമെന്നും ഉള്‍പ്പെടുന്ന ആതിഥ്യമര്യാദയുടെ കല നാം അഭ്യസിക്കണമെന്നും കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ അപ്പസ്തോലിക് കൊട്ടാരത്തിന് മുന്നിലുള്ള പിയാസ ഡെല്ല ലിബര്‍ട്ടയില്‍ നടത്തിയ ആഞ്ചലൂസ് പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.

മര്‍ത്തായുടെയും മേരിയുടെയും കഥ പരിശോധിച്ചുകൊണ്ട്, വിശ്രമം, ആതിഥേയത്വം വഹിക്കുന്നതിനും സ്വീകരിക്കുന്നതിനും ആവശ്യമായ എളിമ എന്നിവയെക്കുറിച്ച് പാപ്പ വിചിന്തനം ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍, ഒരേ വാക്ക് തന്നെ 'അതിഥി' എന്നും 'ആതിഥേയന്‍' എന്നും അര്‍ത്ഥമാക്കാന്‍ ഉപയോഗിക്കാം എന്ന് പാപ്പ പറഞ്ഞു. 

ആതിഥ്യം നല്‍കുകയും  സ്വീകരിക്കുകയും ചെയ്യാതിരുന്നാല്‍ നമ്മുടെ ജീവിതം ശുഷ്‌കമായി തീരും. യേശുവിനെ സ്വീകരിക്കാനുള്ള വ്യഗ്രത നിമിത്തം യേശുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദം മര്‍ത്തായ്ക്ക് ലഭിക്കാതെ പോകുന്നതായി സുവിശേഷത്തില്‍ നാം കാണുന്നു.

മര്‍ത്താ ഒരു ഉദാരമതിയാണ്, പക്ഷേ തയാറെടുപ്പുകള്‍ ഉപേക്ഷിച്ച് തന്നോടൊപ്പം സമയം ചെലവഴിക്കാന്‍ കര്‍ത്താവ് അവളെ വിളിക്കുന്നു. തന്റെ സഹോദരി ജോലികള്‍ ചെയ്യാന്‍ തന്നെ തനിച്ചാക്കിയെന്ന് മര്‍ത്താ പരാതിപ്പെടുന്നു. 

എന്നാല്‍ മറിയം യേശുവിന്റെ വാക്കുകളില്‍ പൂര്‍ണമായും മുഴുകിയിരിക്കുന്നു. അവള്‍ തന്റെ സഹോദരിയേക്കാള്‍ പ്രായോഗികതയും ഉദാരതയും  കുറഞ്ഞവളല്ല. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് അവള്‍ തിരിച്ചറിഞ്ഞു. 

അതുകൊണ്ടാണ് യേശു മര്‍ത്തായെ ശകാരിക്കുന്നത്. അവള്‍ക്ക് വലിയ സന്തോഷം നല്‍കുമായിരുന്ന ഒരു നിമിഷത്തില്‍ പങ്കുചേരാനുള്ള അവസരം അവള്‍ നഷ്ടപ്പെടുത്തി; പാപ്പ വിശദീകരിച്ചു.

വിശ്രമം നമ്മുടെ ജീവിതത്തിന്റെ വേഗത കുറച്ച്  മറിയത്തെപ്പോലെയാകാന്‍ സഹായിക്കുമെന്ന് പാപ്പ തുടര്‍ന്നു. ദൈവവുമായുള്ള കണ്ടുമുട്ടലായാലും, മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലായാലും, പ്രകൃതിയുമായുള്ള കണ്ടുമുട്ടലായാലും, അത് സൗജന്യമാണെന്നും പണം കൊടുത്ത് വാങ്ങാനാകില്ലെന്നും പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web