ഐക്യത്തിന് വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന സിനിമയായി തിയേറ്ററുകളില്‍
ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ‘ദാറ്റ് ദേ മേ ബി വണ്‍’ (അവര്‍ ഒന്നാകേണ്ടതിന്) എന്ന ഡോക്യുമെന്ററി ചലച്ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങി. ”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,” യോഹന്നാന്റെ സുവിശേഷം 17: 21-ലെ യേശുക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മെയ് 19, 20 തീയതികളിലായി ചിത്രം യുഎസിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.
ഡോക്യുമെന്ററി സ്വഭാവത്തിലുള്ള അഭിമുഖങ്ങളും ചരിത്രപരമായ പുനരാവിഷ്‌കാരങ്ങളും സമന്വയിപ്പിച്ചാണ് സിനിമ തയാറാക്കിയിരിക്കുന്നത്. കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് സഭകളിലെ പ്രമുഖ നേതാക്കളുടെ കാഴ്ചപ്പാടുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത കത്തോലിക്ക ബൈബിള്‍ പണ്ഡിതയായ മേരി ഹീലി ചിത്രത്തിന്റെ സഹനിര്‍മാതാവാണ്.
ഇന്നത്തെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഭിന്നതകള്‍ക്കും വിദ്വേഷങ്ങള്‍ക്കും എതിരായി എല്ലാ സഭാവിഭാഗങ്ങളിലുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ അഡ്രിയാന ഗോണ്‍സാലസ് പറയുന്നു. ‘യേശുക്രിസ്തു തന്റെ മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിലാണ് ഐക്യത്തിനായി പ്രാര്‍ത്ഥിച്ചത്. ആ ഒരു ചിന്ത മാത്രം മതി ഏതൊരു ക്രിസ്ത്യാനിയെയും ഈ പ്രാര്‍ത്ഥനയുടെ ഭാഗമാകാന്‍ പ്രേരിപ്പിക്കാന്‍,’- അഡ്രിയാന കൂട്ടിച്ചേര്‍ത്തു.
നടന്‍ മൈക്കല്‍ ഗിര്‍ജെന്റി ആണ് ചിത്രത്തില്‍ യേശുക്രിസ്തുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്.
ആരാണ് ശരി എന്ന് വാദിക്കുന്നതിനേക്കാള്‍, ക്രിസ്തുവിനെ അറിയാത്തവരിലേക്ക് അവിടുത്തെ സ്‌നേഹം എത്തിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് ഗിര്‍ജെന്റി പറഞ്ഞു.
അവിശ്വാസികള്‍ക്ക് ക്രിസ്തുവിനെ അറിയാനും വിശ്വാസികള്‍ക്ക് യേശുവിനോടുള്ള സ്‌നേഹത്തില്‍ ഐക്യത്തിലേക്ക് വളരാനും ചിത്രം കാരണമാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.