'യേശു പലസ്തീനിയാണ്'' ക്രിസ്മസിന് ടൈംസ് സ്‌ക്വയറില്‍ പൊട്ടിത്തെറിച്ച വിവാദമെന്ത്?
ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിനോദസഞ്ചാര കേന്ദ്രമായ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ക്രിസ്മസ് ദിനത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ഡിജിറ്റല്‍ ബില്‍ബോര്‍ഡ് വലിയ സംവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെക്കുകയാണ്.
''യേശു പലസ്തീനിയാണ്'' എന്ന വാചകമാണ് പച്ച പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളില്‍ ബില്‍ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടൈംസ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിനോദസഞ്ചാരികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സമിശ്ര പ്രതികരണമാണ് ഈ സന്ദേശത്തിന് ലഭിക്കുന്നത്. പലരും ഇതിനെ ''വിഭജനമുണ്ടാക്കുന്നതും'' ''പ്രകോപനപരവുമാണ്'' എന്ന് വിശേഷിപ്പിച്ചു.
യേശുവിനെ ഒരു സാര്‍വത്രിക മതപുരുഷനായി കാണുന്നതിന് പകരം വംശീയമായോ ദേശീയമായോ തരംതിരിക്കുന്നത് അനാവശ്യമാണെന്ന് ചില വിനോദസഞ്ചാരികള്‍ അഭിപ്രായപ്പെട്ടു.
അമേരിക്കന്‍- അറബ് ആന്റി - ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി ആണ് ഈ സന്ദേശത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അറബ്-മുസ്ലീം ശബ്ദങ്ങളെ അമേരിക്കയില്‍ അരികുവല്‍ക്കരിക്കുന്നതിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമാണിതെന്ന് എഡിസി നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡെബ് അയൂബ് പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ആരോഗ്യകരമായ സംഭാഷണങ്ങള്‍ തുടങ്ങാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലും ഈ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്. ചിലര്‍ ഇതിനെ ''ചിന്തോദ്ദീപകമായ സന്ദേശം'' എന്ന് പിന്തുണച്ചപ്പോള്‍, മറ്റുചിലര്‍ ക്രിസ്മസ് സമയത്തെ ഇത്തരമൊരു പ്രചാരണത്തെ വിമര്‍ശിച്ചു.
വിവാദം കൊഴുക്കുന്നതിനിടെ, പഴയ സന്ദേശം മാറ്റി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പ്രസിദ്ധമായ വാക്കുകള്‍ ഉള്‍പ്പെടുത്തി പുതിയ ബില്‍ബോര്‍ഡ് എഡിസി സ്ഥാപിച്ചു. ''യേശു പറയും: ഈ മതില്‍ പൊളിക്കൂ'' എന്നാണ് പുതിയ സന്ദേശം.
ബെര്‍ലിന്‍ മതിലിനെക്കുറിച്ചുള്ള റീഗന്റെ പരാമര്‍ശത്തെ ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തിയിലെ സുരക്ഷാ മതിലുമായി ബന്ധിപ്പിച്ചാണ് ഈ പുതിയ പ്രചാരണം. പുതുവത്സരത്തോടനുബന്ധിച്ച് കൂടുതല്‍ സന്ദേശങ്ങള്‍ ടൈംസ് സ്‌ക്വയറില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംഘടന അറിയിച്ചു.