പൂർണ്ണഹൃദയത്തോടെ തങ്ങളെത്തന്നെ സമർപ്പിക്കാൻ കഴിയുന്ന സഹോദരങ്ങളെയാണ് യേശു അന്വേഷിക്കുന്നത്: പാപ്പാ
ക്രിസ്തുവിന്റെ കാല്പാടുകൾ പിഞ്ചെല്ലുന്ന ജനതയാണ് സഭ എന്ന സത്യം എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്.
ഉയിർത്തെഴുന്നേറ്റ ക്രിസ്തു, പിതാവിലേക്കുള്ള നമ്മുടെ പാതയെ പ്രകാശിപ്പിക്കുകയും, ആത്മാവിന്റെ ശക്തിയാൽ നമ്മെ വിശുദ്ധീകരിക്കുകയും ചെയ്യുന്നതിനാൽ, അവന്റെ സ്നേഹത്തിനു അനുസൃതം, നമ്മുടെ ജീവിത ശൈലിയെ രൂപാന്തരപ്പെടുത്തണമെന്നു പാപ്പാ ആഹ്വാനം ചെയ്തു.
അന്ധകാരത്തിൽ പ്രകാശം പകർന്നു കൊണ്ടും, അന്ധർക്ക് കാഴ്‌ച നൽകിയും, അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി ശബ്ദമുയർത്തിയും, മൂകരുടെ നാവുകൾ സ്വതന്ത്രമാക്കിയും, നീതിക്കു വേണ്ടിയുള്ള വിശപ്പ് ശമിപ്പിച്ചും, പാവപ്പെട്ടവർക്കും അശരണർക്കും അപ്പം വർധിപ്പിച്ചും, യേശു തന്റെ പിതാവിന്റെ ഹിതമാണ് വെളിപ്പെടുത്തിയതെന്നും പാപ്പാ എടുത്തു പറഞ്ഞു.
ഈ പ്രവൃത്തികളെ കുറിച്ച് കേൾക്കുമ്പോൾ ഏതൊരാളും കർത്താവിനെ അന്വേഷിക്കുവാൻ തുടങ്ങുമെന്നും, എന്നാൽ, അത് നന്ദിയോടെയാണോ, അതോ സ്വാർത്ഥതാൽപ്പര്യത്തോടെയാണോ, കണക്കുകൂട്ടലിലാണോ അതോ സ്നേഹത്തിലാണോ എന്നത്, അറിയുവാൻ നമ്മുടെ ഹൃദയങ്ങളെ അവൻ പരിശോധിക്കുമെന്നും പാപ്പാ പറഞ്ഞു.
"നിങ്ങൾ അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ് എന്നെ അന്വേഷിക്കുന്നത്" ( യോഹന്നാൻ 6:26) എന്ന വചനം ചൂണ്ടികാണിച്ചതുകൊണ്ട്, ആൾകൂട്ടം, യേശുവിനെ അവരുടെ ആവശ്യങ്ങൾ നിറവേറ്റുവാനുള്ള ഒരു മാർഗമായിട്ടാണ് കാണുന്നതെന്ന അപകടം ചൂണ്ടിക്കാട്ടി. യേശുവിന്റെ അടയാളങ്ങളും, പഠനങ്ങളും, ഇക്കൂട്ടർക്ക് താത്പര്യവിഷയങ്ങളായിരുന്നില്ല എന്നതും പാപ്പാ കൂട്ടിച്ചേർത്തു.
ഈ ഒരു അപകടം ഇന്നും സംഭവിക്കുന്നുവെന്നും, ആധികാരികമായ ഒരു വിശ്വാസത്തിനു പകരം, അന്ധവിശ്വാസങ്ങളുടെ വാണിജ്യം ജീവിതത്തെ കൈയടക്കുമ്പോൾ, ദൈവം നമുക്ക് ആവശ്യമുള്ളപ്പോൾ മാത്രം അന്വേഷിക്കുന്ന ഒരു വിഗ്രഹമായി മാറുന്നുവെന്നു പാപ്പാ പറഞ്ഞു. തന്റെ ജനത്തെ എപ്പോഴും പരിപാലിക്കുന്ന കർത്താവിന്റെ ഏറ്റവും മനോഹരമായ ദാനങ്ങൾ പോലും, പിന്നീട് അവകാശങ്ങളായി മാറ്റപ്പെടുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. സുവിശേഷത്തിൽ പോലും, തെറ്റായ രീതിയിൽ യേശുവിനെ അന്വേഷിക്കുന്ന ജനങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ടെന്നും, അവർ യേശുവിനെ ഭാഗ്യം കൊണ്ടുവരുന്ന ഒരുവൻ എന്ന നിലയിലും, സ്വന്തം നേട്ടത്തിനായി, ഒരു നേതാവെന്ന നിലയിലും മനസിലാക്കുന്നത്, തെറ്റാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
നമ്മുടെ ഇത്തരത്തിലുള്ള മനോഭാവങ്ങളിലും, യേശു ആരെയും നിരസിക്കാതെ നമ്മുടെ പരിവർത്തനത്തിനായി കാത്തിരിക്കുകയാണെന്നും പാപ്പാ പറഞ്ഞു. ജനക്കൂട്ടത്തെ തന്നിൽ നിന്നും അകറ്റിനിർത്താതെ, ഹൃദയങ്ങളെ പരിശോധിക്കുവാൻ അവൻ ക്ഷണിക്കുകയും, സ്വാതന്ത്ര്യത്തിലേക്ക് നമ്മെ വിളിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. പൂർണ്ണഹൃദയത്തോടെ തന്നെത്തന്നെ സമർപ്പിക്കാൻ കഴിയുന്ന സഹോദരങ്ങളെയാണ് നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
എന്നാൽ യേശുവിന്റെ ഈ സ്നേഹത്തിന് വിശ്വാസത്തോടെ പ്രതികരിക്കാൻ, യേശുവിനെക്കുറിച്ച് കേട്ടാൽ മാത്രം പോരാ: അവന്റെ വാക്കുകളുടെ അർത്ഥം നാം മനസിലാക്കുകയും വേണമെന്നും, അവൻ ചെയ്യുന്നത് കണ്ടു കൊണ്ട് കാഴ്ചക്കാരായി നിന്നാൽ മാത്രം പോരാ, മറിച്ച് അവനെ പിന്തുടരുകയും, അനുഗമിക്കുകയും വേണമെന്നും പാപ്പാ പറഞ്ഞു.
യേശുവുമായുള്ള ഈ യഥാർത്ഥ കൂടിക്കാഴ്ച അപ്രകാരം, നമ്മുടെ ശിഷ്യത്വവും ദൗത്യവും ജീവിതവുമായി മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"നശിച്ചുപോകുന്ന ഭക്ഷണത്തിനുവേണ്ടിയല്ല, നിത്യജീവൻ വരെ നിലനിൽക്കുന്ന ഭക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുവിൻ" ( യോഹന്നാൻ 6:27). എന്ന വചനത്തെയും പാപ്പാ അടിവരയിട്ടു.
നമ്മെ എന്നേക്കും നിലനിർത്തുന്ന ഭക്ഷണമാണ് യേശു നമുക്ക് നൽകുന്നതെന്നും, അത് അവൻ നമുക്ക് നൽകുന്ന വലിയ ദാനമാണെന്നും എടുത്തു പറഞ്ഞ പാപ്പാ, അക്രമത്തിന്റെയും, ചൂഷണത്തിന്റെയും വഞ്ചനയുടെയും ഇന്നത്തെ കാലഘട്ടത്തിൽ ഈ അപ്പം, നമ്മെ ഓരോ വീഴ്ചയിലും ഉയർത്തുകയും, കഷ്ടപ്പാടുകളിൽ നമ്മെ ആശ്വസിപ്പിക്കുകയും, പ്രേഷിതദൗത്യത്തിൽ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും എടുത്തു പറഞ്ഞു.
പുനരുത്ഥാനം ചെയ്ത യേശുവിലാണ്, നമ്മുടെ പുനരുത്ഥാനവും അടിസ്ഥാനമായി നിലകൊള്ളുന്നുവെന്നു പറഞ്ഞ പാപ്പാ, നാം മരണത്തിനു കീഴ്പ്പെടുവാൻ വേണ്ടിയല്ല ഈ ലോകത്തിലേക്ക് വന്നതെന്നും, എല്ലാത്തരം അടിച്ചമർത്തലുകളും, അക്രമങ്ങളും, ചൂഷണങ്ങളും സ്വാതന്ത്ര്യത്തിന്റെ പരമോന്നത ദാനമായ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ നിഷേധിക്കുന്നുവെന്നും, എന്നാൽ യേശുവിൽ വിശ്വസിച്ചുകൊണ്ട്, അവന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ട് ജീവിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്തു.
"നിങ്ങളുടെ ഹൃദയത്തിൽ സുവിശേഷം ഉണ്ടെങ്കിൽ, ബുദ്ധിമുട്ടുകളുടെയും നിരാശകളുടെയും മുന്നിൽ നിങ്ങൾക്ക് ധൈര്യമുണ്ടാകും: ദൈവം നമുക്കായി തുറന്നിട്ട പാത ഒരിക്കലും പരാജയപ്പെടില്ല.
വാസ്തവത്തിൽ, കർത്താവ് എപ്പോഴും നമുക്കൊപ്പം നടക്കുന്നു, നമുക്ക് അവന്റെ പാതയിൽ തുടരാം: ക്രിസ്തു തന്നെ നമ്മുടെ യാത്രയ്ക്ക് ദിശയും ശക്തിയും നൽകുന്നു", വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
സഭ കർത്താവിൽ നിന്ന് ലഭിച്ച വചനം പ്രഘോഷിച്ചുകൊണ്ട് മാത്രമല്ല, വിശ്വാസികളുടെ ജീവിതത്തിന്റെ സാക്ഷ്യത്തിലൂടെയും സുവിശേഷം പ്രഖ്യാപിക്കുന്നുവെന്നും, അപ്രകാരം, നിത്യജീവന്റെ അപ്പമായ വിശുദ്ധ കുർബാന പങ്കുവച്ചുകൊണ്ട്, എല്ലാ വീഴ്ചകളിൽ നിന്നും നമ്മെ ഉയർത്തുന്ന, അക്രമം നശിപ്പിക്കുന്നതിനെ പുനർനിർമ്മിക്കുന്ന, സാഹോദര്യബന്ധങ്ങൾ സന്തോഷത്തോടെ പങ്കിടുന്ന സമർപ്പണ ബോധത്തോടെ ജനങ്ങളെ സേവിക്കുവാൻ ഏവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. വിശുദ്ധ സ്തേഫാനോസിന്റെ മാതൃകയും പാപ്പാ ചൂണ്ടിക്കാട്ടി.
പ്രത്യാശയുടെയും, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റയും ഒരു യാത്രയാണ് രക്തസാക്ഷികളുടെയും, വിശുദ്ധരുടെയും ജീവിതസാക്ഷ്യങ്ങൾ നമുക്ക് പകരുന്നെതെന്നും, ഈ ദൈവീക ദാനം നമ്മുടെ ഭവനങ്ങളിലും, ക്രൈസ്തവ കൂട്ടായ്മകളിലും നമ്മുടെ ഉത്തരവാദിത്വത്തെ ഓർമ്മപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു.