“ജീവിതം കവർന്നെടുക്കാനല്ല, സമൃദ്ധമായി നൽകാനാണ് യേശു വരുന്നത്”: ലെയോ മാർപാപ്പ

 
Leo papa

യേശുക്രിസ്തു മനുഷ്യന്റെ ജീവിതവും സ്വാതന്ത്ര്യവും കവർന്നെടുക്കാൻ വരുന്ന ഒരു കള്ളനല്ല, മറിച്ച് അവനെ നേർവഴിയിലേക്കു നയിക്കുന്ന നല്ല ഇടയനാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. നല്ല ഇടയന്റെ ഞായറാഴ്ച വത്തിക്കാനിൽ ‘സ്വർല്ലോക രാജ്ഞി’ പ്രാർഥനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. യേശു മനുഷ്യനിൽ നിന്ന് ഒന്നും എടുത്തുമാറ്റാനല്ല, മറിച്ച് ജീവിതം സമൃദ്ധമായി നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.

“നമ്മുടെ മനഃസാക്ഷിയെ വഞ്ചിക്കാനല്ല, മറിച്ച് തന്റെ ജ്ഞാനത്തിന്റെ പ്രകാശം കൊണ്ട് അതിനെ പ്രകാശിപ്പിക്കാനാണ് ക്രിസ്തു വരുന്നത്. ഭൗതികമായ സന്തോഷങ്ങളെ ഇല്ലാതാക്കുന്നതിനു പകരം, അവയെ കൂടുതൽ പൂർണ്ണവും ശാശ്വതവുമായ ആനന്ദത്തിലേക്ക് ഉയർത്തുകയാണ് അവൻ ചെയ്യുന്നത്. കള്ളന്മാർ മതിൽ ചാടിക്കടന്ന് ആടുകളെ മോഷ്ടിക്കാൻ വരുമ്പോൾ, നല്ല ഇടയൻ വാതിലിലൂടെ പ്രവേശിക്കുകയും തന്റെ ആടുകളെ പേര് ചൊല്ലി വിളിക്കുകയും ചെയ്യുന്നു. ഈ ആത്മബന്ധമാണ് യേശുവിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നത്” – പരിശുദ്ധ പിതാവ് വിശദീകരിച്ചു.


മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ഹനിക്കുന്ന, പലതരത്തിലുള്ള ‘കള്ളന്മാരെ’ക്കുറിച്ച് മുന്നറിയിപ്പ് നൽകിയ പാപ്പ, തെറ്റായ ആശയങ്ങൾ, മുൻവിധികൾ, ആന്തരികമായി നമ്മെ ശൂന്യരാക്കുന്ന ഉപഭോഗസംസ്‌കാരം എന്നിവയെല്ലാം ഇത്തരം കള്ളന്മാരുടെ രൂപങ്ങളാണ് എന്ന് പറഞ്ഞു. ഭൂമിയുടെ വിഭവങ്ങൾ കൊള്ളയടിക്കുന്നവരും യുദ്ധങ്ങൾ നടത്തുന്നവരും മനുഷ്യരാശിയുടെ സമാധാനപൂർണ്ണമായ ഭാവി കവർന്നെടുക്കുകയാണെന്ന് പാപ്പ കുറ്റപ്പെടുത്തി. നമ്മുടെ ഹൃദയങ്ങളിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന ഇത്തരം തിന്മകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

ചെർണോബിൽ ആണവദുരന്തത്തിന്റെ നാൽപതാം വാർഷികം അനുസ്മരിച്ച മാർപാപ്പ, ആണവോർജം എപ്പോഴും ജീവന്റെയും സമാധാനത്തിന്റെയും സേവനത്തിനായി മാത്രമേ ഉപയോഗിക്കാവൂ എന്ന് ഊന്നിപ്പറഞ്ഞു. കരുത്തുറ്റ സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യുമ്പോൾ വലിയ ഉത്തരവാദിത്തവും വിവേകവും ആവശ്യമാണെന്നും, അത് നശീകരണത്തിനല്ല മാനവികതയുടെ നന്മയ്ക്കായിരിക്കണം വിനിയോഗിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web