ജെറുസലേം: ലത്തീൻ പാത്രിയാർക്കേറ്റിന്റെ വസ്തുവകകൾ കൈയേറ്റം ചെയ്തതിനെതിരെ സൈനിക, സിവിൽ നേതൃത്വങ്ങളുമായി ചർച്ച നടത്തി സഭ

 
Sabha

അനധികൃതമായി തയാസിർ ഹമാം ഇൽ മലെഹിലെ തങ്ങളുടെ ഭൂമി കൈയേറ്റം ചെയ്യപ്പെട്ടതിൽ പ്രതിഷേധം അറിയിച്ചും, അവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിയും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ്. വർഷങ്ങളായി സഭയുടെ സ്വത്തുക്കൾ ഉൾപ്പെടെ കൈയ്യേറുന്നത് സംബന്ധിച്ച റിപ്പോർട്ട്, പാത്രിയാർക്കേറ്റിലെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള വിഭാഗം ഇസ്രായേൽ അധികാരികൾക്ക് കൈമാറിയതായി ഏപ്രിൽ 23-ന് നടത്തിയ ഒരു കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ സഭാനേതൃത്വം അറിയിച്ചു. തൂബാസ് ഗവർണറേറ്റിന് കീഴിലുള്ള പ്രദേശത്താണ് ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തങ്ങളുടെ പ്രതിഷേധങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾക്ക് ഇസ്രായേൽ സൈനിക, സിവിൽ പ്രതിനിധിവിഭാഗം തയ്യാറായിട്ടുണ്ടെന്നും, കൈയേറ്റവുമായി ബന്ധപ്പെട്ട ആളുകൾ ഉപയോഗിച്ച മെഷീനുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സന്നാഹവും പിടിച്ചെടുത്തുവെന്നും അറിയിച്ച പാത്രിയാർക്കേറ്റ് സഭാസ്വത്തുക്കളുടെമേലുള്ള അന്യായമായ കൈയേറ്റമാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളതെന്ന് കുറ്റപ്പെടുത്തി.

ഇസ്രായേൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് എത്തിയ അധികാരികൾ, കാര്യത്തിന്റെ ഗൗരവം അംഗീകരിക്കുകയും, പ്രതിഷേധം കണക്കിലെടുത്ത്, കൈയേറ്റങ്ങൾ നടത്തിയവരെ ഉടനടി നീക്കം ചെയ്യുന്നതിനും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നടപടി എടുക്കുന്നതിനും ഉള്ള പ്രതിജ്ഞാബദ്ധത അറിയിച്ചുവെന്നും സഭാനേതൃത്വം തങ്ങളുടെ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു.

സംഭവങ്ങളെക്കുറിച്ച് ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാത്തിസ്ത്ത പിത്സബാല്ലയ്ക്ക് വിവരങ്ങൾ എല്ലാം കൈമാറിയിട്ടുണ്ടെന്നും, പ്രശ്നപരിഹാരങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും, സ്ഥലത്തെ ആളുകൾക്ക് വേണ്ട സഹായം എത്തിക്കുന്നതിനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പാത്രിയാർക്കേറ്റ് അറിയിച്ചു.

ഏറെ നാളുകളായി ഇസ്രയേലിൽനിന്നുള്ള തീവ്രമത ചിന്താഗതിക്കാർ, പാലസ്തീന പ്രദേശത്ത്, ആളുകൾക്കെതിരെ ഭീഷണി ഉയർത്തുകയും, സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തുകയും, അവ മോഷ്ടിക്കുകയും ചെയ്യുന്നതായി പരാതികൾ ഉയർന്നിരുന്നു.

Tags

Share this story

From Around the Web