ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തില്‍ ക്രിസ്തുമസ് സന്ദര്‍ശനവുമായി ജെറുസലേം പാത്രിയാര്‍ക്കീസ്

 
JESRUSLEM



ഗാസ: ക്രിസ്തുമസിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ഇടവകയില്‍ സന്ദര്‍ശനം നടത്തി. 

ലാറ്റിന്‍ പാത്രിയാര്‍ക്കല്‍ വികാരിയായ ഓക്‌സിലറി ബിഷപ്പ് വില്യം ഷോമാലിയോടും പ്രതിനിധി സംഘത്തിനോടും ഒപ്പം ഡിസംബര്‍ 19നു കര്‍ദ്ദിനാള്‍ ഗാസ സിറ്റിയിലെത്തി ചേരുകയായിരിന്നു. 

രണ്ട് വര്‍ഷത്തിലേറെയായി സംഘര്‍ഷവും കഠിനമായ ബുദ്ധിമുട്ടുകളും സഹിച്ച കത്തോലിക്ക സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായിട്ടാണ് പാത്രിയാര്‍ക്കീസും സംഘവും ഗാസയിലെ ഏക കത്തോലിക്ക ഇടവകയില്‍ എത്തിയത്.

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് കുടിയിറക്കപ്പെട്ട ആളുകള്‍ക്ക് ഇടവക അഭയം നല്‍കിയിട്ടുണ്ട്. 

സാന്താ തൊപ്പികള്‍ ധരിച്ച കുട്ടികളും വയോധികര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരും ചേര്‍ന്നാണ് കര്‍ദ്ദിനാള്‍ പിസബല്ലയെ സ്വീകരിച്ചത്. 

മിന്നുന്ന അലങ്കാര ദീപങ്ങള്‍, ക്രിസ്മസ് ട്രീകള്‍, പുല്‍ക്കൂട് എന്നിവയുള്‍പ്പെടെയുള്ള അലങ്കരിച്ചിട്ടുണ്ടായിരിന്നു.

 പാത്രിയര്‍ക്കീസിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍, നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഭാവിയിലേക്കുള്ള പദ്ധതികള്‍ എന്നിവയുള്‍പ്പെടെ ഇടവകയുടെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ പാത്രിയാര്‍ക്കീസ് ശ്രമിക്കുമെന്ന് ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് അറിയിച്ചു.


ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക വൈദികരുമായും, സമൂഹത്തിന്റെ ആവശ്യങ്ങളെ കുറിച്ച് നേരിട്ട് കേള്‍ക്കാന്‍ ഇടവകാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

നാളെ ഡിസംബര്‍ 21 ഞായറാഴ്ച, കര്‍ദ്ദിനാള്‍ പിസ്സാബല്ല ഇടവകയില്‍ ബലിയര്‍പ്പണം നടത്തും. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം അടുത്തിടെ സാഹചര്യങ്ങളിലുണ്ടായ മെച്ചപ്പെടുത്തലുകള്‍ക്കിടയിലും മാനുഷിക സഹായത്തിന് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഇപ്പോഴും നേരിടുന്ന ഒരു സമൂഹത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുമെന്ന് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ വ്യക്തമാക്കി.

Tags

Share this story

From Around the Web