അമേരിക്കയില്‍ നിന്നുള്ള ജെന്‍സി പെണ്‍കുട്ടി വിശുദ്ധ പദവിയിലേക്ക് ?

 
THINKS


ആധുനിക ലോകത്ത് ജീവിച്ച, പോപ്പ് സംഗീതം ആസ്വദിച്ച ഒരു സാധാരണ പെണ്‍കുട്ടി. ടെയ്ലര്‍ സ്വിഫ്റ്റിന്റെയും ജോനാസ് സഹോദരന്മാരുടെയും സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന മരിയ മിഡില്‍ട്ടണ്‍  ദൈനംദിന ജീവിതത്തില്‍ കത്തോലിക്കാ വിശ്വാസം തീവ്രമായി മുറുകെപിടിച്ചു.


 ലളിതമായ ജീവിതത്തിലൂടെയും സഹജീവികളോടുള്ള കരുണയിലൂടെയും ദൈവസ്നേഹം പ്രകടമാക്കിയ മരിയ മിഡില്‍ട്ടണെ സഭ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണ നടപടികള്‍ ആരംഭിച്ചു.

പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയ അതിരൂപതയിലെ ബക്‌സ് കൗണ്ടിയില്‍ 2002 സെപ്റ്റംബര്‍ 10-നാണ് മരിയയുടെ ജനനം. സെല്ലേഴ്സ്വില്ലയിലെ സെന്റ് ആഗ്‌നസ് പള്ളിയില്‍ മാമ്മോദിസ സ്വീകരിച്ച മരിയ, റെജീന അക്കാദമിയിലും വില്ല ജോസഫ് മേരി ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 


പഠനത്തിലും കായികരംഗത്തും ഒരുപോലെ തിളങ്ങിയ ഈ പെണ്‍കുട്ടി, അഗാധമായ ദൈവഭക്തി പുലര്‍ത്തിയിരുന്നു. പതിനൊന്നാമത്തെ വയസ്സില്‍ ''ദൈവം കരുണാമയനാണ്'' എന്ന് തുടങ്ങുന്ന ആത്മീയ ജേണല്‍ അവള്‍ എഴുതിത്തുടങ്ങി.

2019 ജനുവരി 30-നാണ് മരിയയുടെ ജീവിതം മാറിമറിഞ്ഞത്. ഐറിഷ് ഡാന്‍സ് പഠനത്തിനിടയില്‍ ബാലന്‍സ് തെറ്റിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് 'ഡിഫ്യൂസ് ഇന്‍ട്രിന്‍സിക് പോണ്ടിന്‍ ഗ്ലിയോമ' എന്ന ഭേദമാക്കാന്‍ കഴിയാത്ത മസ്തിഷ്‌ക കാന്‍സര്‍ ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 

9 മുതല്‍ 12 മാസം വരെ മാത്രം ആയുസ്സ് വിധിക്കപ്പെട്ട ആ നിമിഷത്തില്‍ തളര്‍ന്നുപോകുന്നതിന് പകരം, മരിയയും മാതാപിതാക്കളായ സൂസനും ബ്രയാനും ദൈവത്തില്‍ പൂര്‍ണ്ണമായി ശരണപ്പെടാന്‍ തീരുമാനിച്ചു.

''പ്രതീക്ഷ ഒരു വികാരമല്ല, അതൊരു തീരുമാനമാണ്'' എന്നതായിരുന്നു അവളുടെ ജീവിതദര്‍ശനം. ജീവിതത്തിന്റെ അവസാന നാളുകളിലും മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിച്ച മരിയ, ഉഗാണ്ടയിലെ കുട്ടികളുമായി വലിയ സൗഹൃദം സ്ഥാപിച്ചിരുന്നു. 'ബില്‍ഡിംഗ് എ ബ്രിഡ്ജ് ടു ഉഗാണ്ട' എന്ന സംഘടനയിലൂടെ ജോണ്‍ പോള്‍ കക ഹൈസ്‌കൂളിലെ കുട്ടികള്‍ മരിയയ്ക്കായി പ്രാര്‍ത്ഥിച്ചു. 


മേയ്ക്ക്-എ-വിഷ് ഫൗണ്ടേഷന്റെ സഹായത്തോടെ തനിക്ക് ലഭിച്ച അവസരം ഉഗാണ്ടയിലെ ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കും സ്‌കൂളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാനുമായി അവള്‍ വിട്ടുനല്‍കി. പില്‍ക്കാലത്ത് ഉഗാണ്ടയില്‍ നിര്‍മ്മിച്ച പ്രൈമറി സ്‌കൂളിന് മരിയയുടെ പേരാണ് നല്‍കിയത് ''ദി മരിയ മിഡില്‍ട്ടണ്‍ പ്രൈമറി സ്‌കൂള്‍''.

പെന്‍സില്‍വാനിയയിലെ ഡോയല്‍സ്റ്റൗണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാലത്ത് മരിയയുടെ സാന്നിധ്യം ആശുപത്രിയുടെ അന്തരീക്ഷം തന്നെ മാറ്റിമറിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും സന്ദര്‍ശകരും സമാധാനത്തിനായി അവളുടെ മുറിയിലേക്ക് എത്തിക്കൊണ്ടിരുന്നു. 2020 ഓഗസ്റ്റ് 4-ന് ആശുപത്രി ക്യാമ്പസിനെ തകര്‍ത്തെറിഞ്ഞ ശക്തമായ ഇഎഫ്2 (ഋഎ2) ചുഴലിക്കാറ്റ് മറ്റെല്ലാ കെട്ടിടങ്ങളെയും ബാധിച്ചെങ്കിലും, അത്ഭുതകരമെന്നോണം മരിയയുടെ മുറിക്ക് തൊട്ടുമുന്നില്‍ വന്ന് അതിന്റെ തീവ്രത കുറയുകയോ വഴിമാറുകയോ ചെയ്തു. ആ വലിയ ദുരന്തത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ പറ്റിയില്ല.

2020 ഒക്ടോബര്‍ 8-ന് ജപമാലരാജ്ഞിയുടെ തിരുനാളിന്റെ പിറ്റേന്ന്, തന്റെ പ്രിയപ്പെട്ട അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ് മരിയ ഈ ലോകത്തോട് വിടപറഞ്ഞു. അവളുടെ മരണശേഷം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മരിയ തന്റെ ഡയറിയില്‍ അവസാനമായി എഴുതിയ ''തിങ്ക് ഹോപ്പ്'' എന്ന വാക്കുകളെ ആസ്പദമാക്കി 'തിങ്ക് ഹോപ്പ് ഫൗണ്ടേഷന്‍' രൂപീകരിക്കപ്പെടുകയും അവളുടെ സന്ദേശം ഇന്ന് ലോകമെമ്പാടും പ്രചരിക്കുകയും ചെയ്യുന്നു.

പെന്‍സില്‍വാനിയയിലെ ബിഷപ്പുമാരുമായുള്ള കൂടിയാലോചനകള്‍ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ വോട്ടെടുപ്പിനും ശേഷം മരിയയുടെ നാമകരണ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. കാനോന്‍ അഭിഭാഷകയായ ജീനിന്‍ മരിനോ, ഫിലാഡല്‍ഫിയ അതിരൂപതയില്‍ മരിയയുടെ കോസ് തുറക്കാനായി ആര്‍ച്ച് ബിഷപ്പ് നെല്‍സണ്‍ ജെ. പെരെസിന് ഔദ്യോഗിക അഭ്യര്‍ത്ഥനയും 'തിങ്ക് ഹോപ്പ്' എന്ന പുസ്തകവും സമര്‍പ്പിച്ചു. ജൂണ്‍ 22-ന് ആര്‍ച്ച് ബിഷപ്പിന് രേഖകള്‍ കൈമാറുകയും, തുടര്‍ന്ന് ഈ നിവേദനം വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള ഹോളി സീയുടെ ഡിക്കാസ്റ്ററിക്ക് സമര്‍പ്പിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഇതിനകം തന്നെ മരിയയുടെ മാതൃകയിലൂടെ തങ്ങളുടെ വിശ്വാസം ആഴത്തിലാക്കിക്കൊണ്ടിരിക്കുന്നുണ്ടെന്ന് അവളുടെ മാതാപിതാക്കളായ സൂസനും ബ്രയാനും സാക്ഷ്യപ്പെടുത്തുന്നു.

Tags

Share this story

From Around the Web